കൊല്ലം : ജില്ലയിൽ വേനൽച്ചൂട് അതിരൂക്ഷമാകുന്നതിനിടെ പത്തുവയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി - കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച പകൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.
കഠിനമായ വെയിൽ നേരിട്ടേറ്റതിനെത്തുടർന്ന് ദേവനന്ദിന്റെ കൈകൾക്കും തോളിനും താടിക്കും സാരമായി പൊള്ളലേറ്റു. ഇതിൽ തോളിന്റെ ഭാഗത്തേറ്റ പൊള്ളൽ കൂടുതൽ ഗുരുതരമാണ്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
കൊല്ലത്ത് താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് 11 മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. പത്തനംതിട്ട, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ അൾട്രാവയലറ്റ് തോത് കൂടിയതിനാൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

0 Comments