കൊല്ലം : വേനൽച്ചൂട് കനത്തതോടെ ജില്ലയിൽ ചെറുനാരങ്ങ വില കുതിച്ചുയരുന്നു. ഒരു കിലോ ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വിപണി വില. ഒരാഴ്ച മുമ്പ് 200 രൂപയായിരുന്ന നാരങ്ങയ്ക്കാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 60 രൂപയോളം വർദ്ധിച്ചത്. വരും ദിവസങ്ങളിൽ വില 300 രൂപ കടന്നേക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
ഒരു മാസം മുമ്പ് കിലോയ്ക്ക് 100 മുതൽ 150 രൂപ വരെയായിരുന്നു വില. എന്നാൽ ചൂട് കടുത്തതോടെ നാരങ്ങയുടെ ആവശ്യം വർദ്ധിക്കുകയും വിപണിയിൽ ലഭ്യത കുറയുകയും ചെയ്തതാണ് വിലക്കയറ്റത്തിന് കാരണമായത്. ചില്ലറ വിൽപ്പന ശാലകളിൽ കാൽക്കിലോ നാരങ്ങയ്ക്ക് 70 രൂപയാണ് ഈടാക്കുന്നത്. വിഷുത്തലേന്ന് 180 രൂപയുണ്ടായിരുന്ന നാരങ്ങാവില ദിവസങ്ങൾ പിന്നിടും മുമ്പേ 200-ൽ എത്തിയിരുന്നു.
കുതിച്ചുയരുന്ന നാരങ്ങാവെള്ളം വില
വില വർദ്ധിച്ചതോടെ നാരങ്ങാവെള്ളത്തിന്റെ വിലയിലും മാറ്റം വന്നുതുടങ്ങി. മിക്കയിടങ്ങളിലും 20 രൂപയായിരുന്ന നാരങ്ങാവെള്ളത്തിന് ഇപ്പോൾ 25 രൂപയാണ് വാങ്ങുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും നാരങ്ങ കേരളത്തിലെത്തുന്നത്. അവിടെ വേനൽ ശക്തമായതോടെ ഉത്പാദനം കുറഞ്ഞതും കേരളത്തിൽ ആവശ്യക്കാർ വർദ്ധിച്ചതും തിരിച്ചടിയായി.
നാരങ്ങാവെള്ളം വിൽക്കുന്ന കച്ചവടക്കാരും നിലവിൽ വലിയ പ്രതിസന്ധിയിലാണ്. നാരങ്ങയ്ക്കൊപ്പം സോഡയുടെ വിലയും അടുത്തിടെ വർദ്ധിച്ചിരുന്നു. അച്ചാർ നിർമ്മാണത്തേക്കാൾ ഉപരിയായി നാരങ്ങാ സർബത്ത്, സോഡാ നാരങ്ങ, നാരങ്ങാവെള്ളം എന്നിവയ്ക്കാണ് ഇപ്പോൾ ആവശ്യക്കാരേറെയെന്ന് വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കുമെന്നിരിക്കെ വില നിയന്ത്രണമില്ലാതെ ഉയരുമെന്ന ആശങ്കയിലാണ് പൊതുജനം.

0 Comments