അഞ്ചാലുംമൂട് : അപ്രഖ്യാപിത പവർകട്ടും ലോഡ്ഷെഡിംഗും മൂലം ജനങ്ങൾ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തൃക്കരുവ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസും സീനിയർ സൂപ്രണ്ടിനെയും ഉപരോധിച്ചു. കഠിനമായ ചൂടിനിടെ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നത് പതിവായതോടെ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബി.ജെ.പി തൃക്കരുവ പഞ്ചായത്ത് സമിതി പ്രസിഡന്റ് സജീഷ് പ്രാക്കുളം, പ്രഭാരിയും ജില്ലാ കമ്മിറ്റിയംഗവുമായ ചിറ്റയം ഗോപകുമാർ, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. കഠിനമായ ചൂട് കാരണം രാത്രികാലങ്ങളിൽ ജനങ്ങൾക്ക് ഉറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നേതാക്കൾ പറഞ്ഞു. ഒന്നുകിൽ വൈകിട്ട് 7 മുതൽ 8 വരെയുള്ള സമയത്ത് പവർകട്ട് ഏർപ്പെടുത്തുകയോ അല്ലെങ്കിൽ അർദ്ധരാത്രിയിലെ വൈദ്യുതി നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
തുടർന്ന് സീനിയർ സൂപ്രണ്ട് അസിസ്റ്റന്റ് എൻജിനീയറുമായി നടത്തിയ ചർച്ചയിൽ ജനങ്ങളുടെ പരാതിക്ക് അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. പവർകട്ട് നിയന്ത്രിക്കുന്നതിനും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്ന അധികൃതരുടെ വാഗ്ദാനത്തെത്തുടർന്നാണ് ഉപരോധം താത്കാലികമായി അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ കൃത്യമായ നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് രഘു വിക്രമൻ, പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് അനിൽ പ്രഭ, മണ്ഡലം കമ്മിറ്റിയംഗം സുജിത് അഷ്ടമുടി, സമീഷ്, ശരത് തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീതു, ദിലീപ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

0 Comments