banner

കൊല്ലത്ത് ബന്ധുവായ 11കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം...!, പ്രതിയായ 27-കാരന് 75 വർഷം കഠിനതടവ്; 4,10,000 രൂപ പിഴ


കൊല്ലം : ബന്ധുവായ 11കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും 4,10,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. പരവൂർ പൊഴിക്കരച്ചേരിയിൽ കൂനന്തഴികം വീട്ടിൽ വിനീത് (27) നെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജി സമീർ എ ആണ് വിധി പ്രസ്താവിച്ചത്.

പിഴത്തുക അടയ്ക്കാത്ത പക്ഷം 25 മാസം അധിക കഠിനതടവും അനുഭവിക്കണം. പിഴത്തുക ഈടാക്കിയാൽ അതിൽ നിന്ന് 2 ലക്ഷം രൂപ അതിജീവിതന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

പൊഴിക്കര അമ്പലത്തിലെ ഉത്സവത്തിന്റെ അവസാന ദിവസമാണ് സംഭവം. ബന്ധുവായ ആൺകുട്ടിയെ അമ്പലത്തിന്റെ പിറകുവശത്തുള്ള കടൽത്തീരത്തേക്ക് കൊണ്ടുപോയി പ്രതി പ്രകൃതിവിരുദ്ധ പീഡനവും ലൈംഗിക പീഡനവും നടത്തിയതായാണ് കേസ്.

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. പരവൂർ എസ്.എച്ച്.ഒ പ്രവീൺ ജെ.എസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐമാരായ പ്രസന്ന ഗോപൻ, സെലീന മഞ്ജു എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

Post a Comment

0 Comments