banner

പൂരപ്പെരുമയുമായി ശിവരാജു എത്തുന്നു...!, തേവള്ളിയിൽ ഇന്ന് ഗജരാജന് വീരോചിത സ്വീകരണം


അഞ്ചാലുംമൂട് : തൃശൂർ പൂരത്തിന്റെ വിശ്വപ്രസിദ്ധമായ ആവേശപ്പൊലിമയിൽ പങ്കുചേർന്ന് തട്ടകത്തിലേക്ക് മടങ്ങിയെത്തുന്ന ഗജരാജരത്നം തൃക്കടവൂർ ശിവരാജുവിന് ഇന്ന് കൊല്ലത്ത് ആവേശോജ്ജ്വലമായ സ്വീകരണം നൽകും. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തേവള്ളി മഹാലക്ഷ്മിക്കാവ് ക്ഷേത്ര സന്നിധിയിൽ വെച്ചാണ് ഗജവീരനെ ഭക്തജനങ്ങൾ വരവേൽക്കുന്നത്.

ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ എട്ട് കരക്കാരും ഭക്തജനങ്ങളും ചേർന്നാണ് ഗംഭീര സ്വീകരണം ഒരുക്കിയിരിക്കുന്നത്. പൂരനഗരിയിലെ വിസ്മയക്കാഴ്ചകൾക്ക് ശേഷം മടങ്ങിയെത്തുന്ന ശിവരാജുവിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് തൃക്കടവൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.

തൃക്കടവൂരിന്റെ അഭിമാനമായ ശിവരാജുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞതായി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ആർ. രാമചന്ദ്രൻ പിള്ള, സെക്രട്ടറി എസ്. രതീഷ് കുമാർ എന്നിവർ അറിയിച്ചു. തൃക്കടവൂരപ്പന്റെ തിടമ്പേറ്റുന്ന പ്രിയ ഗജരാജനെ ദർശിക്കാൻ നൂറുകണക്കിന് ആനപ്രേമികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments