banner

പാമ്പുകടിയേറ്റു രണ്ടു വീട്ടമ്മമാര്‍ കൂടി മരിച്ചു...!, എഴുപേര്‍ക്ക് കടിയേറ്റു; ഏപ്രിലിൽ ഏഴ് മരണങ്ങൾ, ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വേണമെന്ന് ഡോക്ടര്‍മാരുടെ സംഘടന


തിരുവനന്തപുരം : വേനൽചൂട് വർധിക്കുന്നതോടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണങ്ങൾ വർധിക്കുന്നു. ഇടുക്കിയിലും കണ്ണൂരിലുമായി രണ്ട് വീട്ടമ്മമാർ കൂടി പാമ്പുകടിയേറ്റ് മരിച്ചതോടെ ഏപ്രിലിൽ മാത്രം ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇടുക്കി കാഞ്ഞാർ താന്നിക്കപ്പാറ സ്വദേശിനി വിശാലാക്ഷി (75) മാങ്ങ പറിക്കുന്നതിനിടെ വീടിനടുത്തുവച്ച് പാമ്പുകടിയേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ തളിപ്പറമ്പ് പട്ടുവം മുതുകുട കല്ലടത്ത് സ്വദേശിനി നബീസ (65) വീടിനുള്ളിൽ വച്ച് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നു. അവശനിലയിൽ കണ്ടെത്തിയപ്പോൾ പാമ്പുകടിയാണെന്ന് മനസ്സിലായത് ആശുപത്രിയിലെത്തിയ ശേഷമാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അവർ മരിച്ചു.

അതേ ജില്ലയിൽ പട്ടുവം കാവുങ്കലിലെ നമ്പ്രോൺ നാരായണി (77) വിറകെടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് നിലവിൽ വെന്റിലേറ്ററിലാണ്.

കോട്ടയം ജില്ലയിൽ മൂന്നുപേർക്കും കോഴിക്കോട് രണ്ടുപേർക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും ഇന്നലെ പാമ്പുകടിയേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്.

പുതിയ സാഹചര്യത്തിൽ ആശുപത്രികളിലെ സൗകര്യങ്ങളും ഡോക്ടർമാരുടെ എണ്ണവും വർധിപ്പിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KGMOA) ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ ഒരേസമയം കുറഞ്ഞത് രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം, പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുവരെ താത്കാലിക നിയമനം നടത്തണം, പാമ്പുകടിയേറ്റവരെ സദാസമയം നിരീക്ഷിക്കാൻ ഡോക്ടർക്കും മറ്റ് ജീവനക്കാർക്കും സാധിക്കണം, ആന്റിവെനം ലഭ്യമായ ആശുപത്രികളിൽ ഐസിയു-വെന്റിലേറ്റർ സൗകര്യം ഉറപ്പാക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

രോഗലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് രോഗികളെ തരംതിരിച്ച് (ട്രയേജ്) ചികിത്സിക്കുന്ന സംവിധാനം നിലവിൽ വന്നാലേ അത്യാസന്ന നിലയിലുള്ളവർക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കാനാവൂ. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾക്ക് ചികിത്സിക്കുന്ന ഡോക്ടർമാരെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments