banner

പൂരലഹരി കഴിഞ്ഞ് ശിവരാജു നാട്ടിലെത്തി...!, തേവള്ളിപ്പാലം കടന്നത് ആരാധക വൃന്ദത്തിന്റെ സ്നേഹക്കരുത്തിൽ; കടവൂർ പള്ളിയിലെ കൊടിയേറ്റും കണ്ട് തൃക്കടവൂരപ്പന്റെ സന്നിധിയിലേക്ക്


അഞ്ചാലുംമൂട് : തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി പൂരപ്രേമികളുടെ മനംകവർന്ന ഗജരാജരത്‌നം തൃക്കടവൂർ ശിവരാജുവിന് ജന്മനാട്ടിൽ ഗംഭീര സ്വീകരണം. തട്ടകമായ തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിന് മുന്നോടിയായി തേവള്ളി മഹാലക്ഷ്മി കാവിൽ വച്ച് ശിവരാജുവിനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. അഷ്ടമുടിക്കായലിനെ തഴുകിയെത്തുന്ന കുളിർകാറ്റേറ്റ് തേവള്ളിപ്പാലത്തിലൂടെ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി ശിവരാജു കടവൂരപ്പന്റെ സന്നിധിയിലേക്ക് നീങ്ങിയത് കാണാൻ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.

കുരിശടിയിൽ അഭിവാദ്യം....
കടവൂർ പള്ളിയിൽ കൊടിയേറ്റ്

തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിനിടെ പ്രസിദ്ധമായ കടവൂർ സെന്റ് കാസ്മിർസ് ചർച്ചിലും ശിവരാജുവിന് ഹൃദ്യമായ സ്വീകരണം നൽകി. പള്ളിയിലെ തിരുനാൾ കൊടിയേറ്റം ശിവരാജുവിന്റെ സാന്നിധ്യത്തിലാണ് നടന്നത്. കുരിശടിയിലേക്ക് തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്ത ശിവരാജു കൊടിയേറ്റത്തിന് സാക്ഷിയായി. പള്ളിക്കാർ നൽകിയ വെള്ളരിക്കയും ബിസ്‌ക്കറ്റും സന്തോഷത്തോടെ സ്വീകരിച്ചാണ് തട്ടകത്തിന്റെ പ്രിയ ആന മടങ്ങിയത്. തൃശ്ശൂരിലെ പൂരപ്പൊലിമ കഴിഞ്ഞ് തിരിച്ചെത്തിയ ശിവരാജുവിനെ വരവേൽക്കാൻ നാട് ഒന്നാകെ മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി മാറുകയായിരുന്നു.

Post a Comment

0 Comments