banner

റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം...!, ആസൂത്രിക കൊലപാതകമെന്ന് സംശയിക്കുന്നതായി യുവതിയുടെ കുടുംബം; മനഃപൂര്‍വ്വം കാര്‍ കത്തിച്ചത് പോലെ തോന്നുന്നു, കൊലപാതകമാണെന്ന് സംശയിക്കുന്നതായും വലിയ ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ടെന്നും സോനയുടെ അമ്മാവന്‍

കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗര്‍ഭിണിയായ സോന പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് രജിന്‍ലാലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നതായും വലിയ ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ടെന്നും സോനയുടെ അമ്മാവന്‍ എ.കെ. സത്യന്‍ ആരോപിച്ചു. സാധാരണ നിലയില്‍ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെങ്കില്‍ കാര്‍ ഇത്തരത്തില്‍ കത്തിയമരില്ലെന്നും, മനഃപൂര്‍വ്വം കാര്‍ കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കാറിനുള്ളില്‍ മാരകമായ എന്തോ വസ്തു മുന്‍കൂട്ടി വെച്ചിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. അപകടസമയത്ത് സോനയെ മുന്‍സീറ്റില്‍ ഇരുത്താതെ എന്തുകൊണ്ടാണ് പിന്‍സീറ്റില്‍ ഇരുത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുടുംബത്തിനും രജിന്‍ലാലിന്റെ നാട്ടുകാര്‍ക്കും കടുത്ത സംശയമുണ്ട്. അപകടമുണ്ടായ ഉടനെ കാറിനുള്ളില്‍ മറ്റൊരാള്‍ കൂടി ഉണ്ടെന്ന വിവരം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരോട് പറയാന്‍ രജിന്‍ലാല്‍ തയ്യാറായില്ലെന്നും, സ്വന്തം ജീവന്‍ മാത്രം നോക്കി തോട്ടില്‍ ചാടി രക്ഷപ്പെടാനാണ് അയാള്‍ ശ്രമിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. കാറിന്റെ പിന്‍വാതില്‍ ലോക്കായ അവസ്ഥയിലായിരുന്നു. സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണമെന്നും രജിന്‍ലാലിന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും കുടുംബം വ്യക്തമാക്കി.

സോനയും രജിന്‍ലാലും തമ്മിലുള്ളത് കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞ ഒരു പ്രണയവിവാഹമായിരുന്നു എന്ന് കുടുംബം വെളിപ്പെടുത്തുന്നു. രജിന്‍ലാല്‍ ഗള്‍ഫില്‍ ആയിരുന്ന സമയത്താണ് ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചെങ്കിലും ഇതിനിടയില്‍ രജിന്‍ലാല്‍ മറ്റൊരു യുവതിയുമായി ബന്ധത്തിലാവുകയും ആ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതറിഞ്ഞ് മാനസികമായി തകര്‍ന്ന സോന വടകര റെയില്‍വേ സ്റ്റേഷന് സമീപമെത്തി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ വരെ മുന്‍പ് ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍ വെച്ച് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് സോനയെ വിവാഹം കഴിക്കാമെന്ന് രജിന്‍ലാല്‍ ഉറപ്പ് നല്‍കിയത്. ഇരു കുടുംബങ്ങളുടെയും കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് 2023-ലായിരുന്നു ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്.

ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ഇവരുടെ കാര്‍ കത്തിയമരുന്നത്. കോഴിക്കോട്ടെ ആശുപത്രിയില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍, വീട്ടിലെത്താന്‍ വെറും രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ളപ്പോഴാണ് വയല്‍പ്രദേശമായ ഒതയോത്തുതാഴെ ഭാഗത്തുവെച്ച് ദുരൂഹമായ ഈ അപകടം സംഭവിക്കുന്നത്. വയല്‍പ്രദേശത്തെ തോട്ടിനരികിലായതിനാല്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് തീയണയ്ക്കാന്‍ സാധിച്ചു. വലിയൊരു സ്‌ഫോടനശബ്ദം കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. നാട്ടുകാര്‍ എത്തുമ്പോഴേക്കും രജിന്‍ലാല്‍ കാറില്‍ നിന്ന് പുറത്തുചാടിയിരുന്നു. ശരീരത്തിലെ വസ്ത്രങ്ങളില്‍ തീ പടര്‍ന്നതിനാല്‍ സമീപത്തെ തോട്ടിലേക്ക് ചാടിയാണ് രജിന്‍ലാല്‍ തീയണച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ബക്കറ്റില്‍ വെള്ളം കോരിയൊഴിച്ച് അഗ്‌നിരക്ഷാസേന എത്തുന്നതിന് മുന്‍പ് തന്നെ തീയണയ്ക്കുകയായിരുന്നു.

കാറിന്റെ പിന്‍സീറ്റില്‍ ഒരാള്‍ കൂടിയുണ്ടെന്ന് ആദ്യമൊന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് മനസ്സിലായിരുന്നില്ല. പിന്‍സീറ്റില്‍ കിടക്കുകയായിരുന്ന സോനയുടെ മുകളിലേക്ക് കാറിന്റെ മുകള്‍ഭാഗം അടര്‍ന്നുവീണതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കാറിന്റെ പിന്‍വാതില്‍ ലോക്കായിരുന്നതിനാല്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ചില്ല് പൊട്ടിച്ചാണ് സോനയെ ബെഡ്ഷീറ്റില്‍ കിടത്തി പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴും സോനയ്ക്ക് ജീവനുണ്ടായിരുന്നുവെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ചെറുവണ്ണൂര്‍ പുത്തന്‍ ചാലില്‍ രജിന്‍ലാല്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് കുടുംബത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്ന് സോനയുടെ കുടുംബം പറഞ്ഞു.

അപകടകാരണം കണ്ടെത്താന്‍ കോഴിക്കോട് ജില്ലാ ഫോറന്‍സിക് യൂണിറ്റില്‍ നിന്നുള്ള സയന്റിഫിക് സംഘവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. 2016 മോഡല്‍ പെട്രോള്‍ കാറിന്റെ ഉള്‍വശം മാത്രമാണ് പൂര്‍ണ്ണമായി കത്തിയമര്‍ന്നത്. എന്നാല്‍ കാറിന്റെ ബോണറ്റിന്റെ എഞ്ചിന്‍ ഭാഗം കത്തിയിട്ടില്ലെന്നും അങ്ങോട്ടേക്ക് തീ പടര്‍ന്നിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ ഇത് ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്; കാറിന്റെ വയറിങ്ങിന് യാതൊരുവിധ തകരാറുകളും കണ്ടെത്താനായിട്ടില്ല. കൂടാതെ ഇന്ധന ടാങ്കിന് ചോര്‍ച്ചയോ മറ്റ് പ്രശ്‌നങ്ങളോ ഉള്ളതായും കണ്ടെത്തിയിട്ടില്ല. കാറിന്റെ പിന്‍വശത്ത് നിന്നാണ് തീ ഉയര്‍ന്നതെന്നും മുന്‍വശത്തേക്ക് തീ കാര്യമായി പടര്‍ന്നിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

കാര്‍ കത്തിത്തുടങ്ങിയ സമയത്ത് വലിയ സ്‌ഫോടനശബ്ദം ഉണ്ടായതായി സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇതെങ്ങനെയുണ്ടായതാണെന്ന് ഇപ്പോഴും വ്യക്തമല്ല. പെട്രോള്‍ ടാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ലീക്കോ മറ്റ് പ്രശ്‌നങ്ങളോ ആയിരിക്കാം അപകടകാരണമെന്ന നിഗമനമുണ്ടെങ്കിലും വിശദമായ പരിശോധനകള്‍ ആവശ്യമാണ്. കത്താതെ ശേഷിച്ച തുണികള്‍, ബാഗിന്റെ അവശിഷ്ടങ്ങള്‍, മൊബൈല്‍ ഫോണ്‍, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാമ്പിള്‍ തുടങ്ങിയവ ഫോറന്‍സിക് സംഘം കൂടുതല്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാ ഫലം കൂടി ലഭിച്ചാലേ തീപ്പിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്ന് മേപ്പയ്യൂര്‍ പോലീസ് അറിയിച്ചു.

Post a Comment

0 Comments