ഡൽഹി : ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയൽരാജ്യമായ ഉഗാണ്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാൻ വലിയ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് അന്താരാഷ്ട്ര ഏജൻസിയുടെ ഈ നിർണായക നീക്കം.
കോംഗോയുടെ വടക്കുകിഴക്കൻ പ്രവിശ്യകളിൽ 'ബുണ്ടിബുഗ്യോ' എന്ന എബോള വൈറസ് വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. ഇതുവരെ ഈ മേഖലയിൽ മാത്രം 80 പേർക്ക് ജീവൻ നഷ്ടമായിക്കഴിഞ്ഞു. എട്ട് പേർ നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളപ്പോൾ, 246 ഓളം പേർക്ക് രോഗബാധ സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതൊരു ആഗോള മഹാമാരി അടിയന്തിരാവസ്ഥയല്ലെന്നും, എന്നാൽ കോംഗോയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് നിലവിലുള്ള എബോള വാക്സീനുകൾക്കൊന്നും തന്നെ പ്രതിരോധിക്കാൻ കഴിയാത്ത പുതിയ വകഭേദമാണിത് എന്നുള്ളത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. കോംഗോ അതിർത്തി കടന്ന് വൈറസ് അയൽരാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ ശക്തവും ഏകോപിതവുമായ നീക്കം വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. എന്നാൽ കോംഗോയിലെ ആഭ്യന്തര യുദ്ധങ്ങളും ജനങ്ങളുടെ കൂട്ടത്തോടെയുള്ള പലായനവും കാരണം രോഗബാധിത പ്രദേശങ്ങളിലേക്ക് ആരോഗ്യ പ്രവർത്തകർക്ക് കൃത്യസമയത്ത് പ്രവേശിക്കാൻ സാധിക്കുന്നില്ല. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
കടുത്ത പനി, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം, കടുത്ത തളർച്ച, പേശി വേദന എന്നിവയാണ് എബോള രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരസ്രവങ്ങളിലൂടെയാണ് ഈ മാരക വൈറസ് പ്രധാനമായും പടരുന്നത്. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനായി കൂടുതൽ മെഡിക്കൽ സംഘങ്ങളെയും അവശ്യസാധനങ്ങളെയും ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ. 2014-2016 കാലഘട്ടത്തിൽ പശ്ചിമാഫ്രിക്കയെ ഉലച്ച വലിയ പകർച്ചവ്യാധിക്ക് സമാനമായ മറ്റൊരു ദുരന്തം ആവർത്തിക്കാതിരിക്കാനാണ് ലോകം ഇപ്പോൾ മുൻകരുതലുകൾ സ്വീകരിക്കുന്നത്.
%20(4).jpg)
0 Comments