banner

കൊല്ലത്ത് പുലിയുടെ നഖം കൊണ്ട് പരിക്ക് പറ്റിയ സ്ത്രീ മരിച്ചു...! മരണം പേവിഷ ബാധയേറ്റ്; വാക്‌സീൻ ഒന്നും എടുത്തില്ല

കൊല്ലം : വന്യമൃഗ ആക്രമണത്തിന് പിന്നാലെ പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. രണ്ട് മാസം മുമ്പ് പുലിയുടെ ആക്രമണത്തിൽ ഇവർക്ക് പരിക്കേറ്റിരുന്നു. എന്നാൽ, കൃത്യമായ സമയത്ത് പ്രതിരോധ വാക്സിൻ എടുക്കാനോ ചികിത്സ തേടാനോ തയ്യാറാകാതിരുന്നതാണ് ഒടുവിൽ ദാരുണ മരണത്തിലേക്ക് നയിച്ചത്.

രണ്ട് മാസം മുമ്പ് രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞമ്മയ്ക്ക് നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കുഞ്ഞമ്മയുടെ വളർത്തുനായയെ പിടികൂടാൻ പുലി ഓടിച്ചപ്പോൾ, നായ രക്ഷയ്ക്കായി വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. നായയെ പിടിക്കാനുള്ള പുലിയുടെ ശ്രമത്തിനിടയിലാണ് കുഞ്ഞമ്മയുടെ ശരീരത്തിൽ പുലിയുടെ നഖം കൊണ്ട് നിസ്സാരമായ പോറലേറ്റത്. എന്നാൽ ഇവർക്ക് പേവിഷബാധയേറ്റത് പുലിയിൽ നിന്നാണോ അതോ സ്വന്തം വളർത്തുനായയിൽ നിന്നാണോ എന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പരിക്കേറ്റ സമയത്ത് ഇവർ യാതൊരുവിധ വാക്‌സിനേഷനും എടുത്തിരുന്നില്ല.

ഈ മാസം രണ്ടിനാണ് കുഞ്ഞമ്മയ്ക്ക് കടുത്ത പനിയും വിറയലും അനുഭവപ്പെട്ടത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ, ലക്ഷണങ്ങൾ കണ്ട് വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ ആശുപത്രി അധികൃതരുടെ നിർദ്ദേശം അവഗണിച്ച് ഇവർ ഓട്ടോറിക്ഷയിൽ ആര്യങ്കാവിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണുണ്ടായത്.

താലൂക്ക് ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് തെന്മല പോലീസ് കൃത്യമായി ഇടപെടുകയും ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ വഴിയിൽ തടഞ്ഞുനിർത്തി ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീട്ടമ്മയുടെ മരണം പേവിഷബാധ (റേബീസ്) മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറുതാണെങ്കിലും മൃഗങ്ങളിൽ നിന്നുള്ള പോറലുകളോ പരിക്കുകളോ ഉണ്ടായാൽ ഉടൻ തന്നെ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.

Post a Comment

0 Comments