banner

മാലിന്യം തള്ളൽ തുടരുന്നു: തൃക്കരുവ പഞ്ചായത്തിന് 'കണ്ണടപ്പ്'; പ്ലാസ്റ്റിക് ചാക്കുകളിൽ ദുർഗന്ധം വമിച്ച് കാഞ്ഞിരംകുഴി, ഹോട്ടൽ അവശിഷ്ടങ്ങളെന്ന് പരാതി


അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി ജംഗ്ഷന് സമീപം പാതയോരത്ത് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കാതെ തൃക്കരുവ പഞ്ചായത്ത് അധികൃതർ. അഷ്ടമുടി ലൈവ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിട്ടും അധികൃതർ മൗനം പാലിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കിയ സ്ഥലത്താണ് ഇപ്പോൾ വീണ്ടും മാലിന്യ നിര രൂപപ്പെടുന്നത്.

ഹോട്ടൽ അവശിഷ്ടങ്ങളെന്ന് പരാതി
സമീപത്തെ ചില ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി ഇവിടെ തള്ളുന്നതെന്ന ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. ഹോട്ടലുകളിലെ ജൈവ-അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണമെന്ന നിയമം നിലനിൽക്കെയാണ് പാതയോരത്തെ ഈ നിയമലംഘനം. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഞാറയ്ക്കൽ വാർഡിൽ ഉൾപ്പെടുന്ന പഴയ തിയേറ്റർ പരിസരം, എരുമല പൊരുന്നൽ ഓട എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മാലിന്യം തള്ളുന്നുണ്ട്. ഓടകളിൽ കിടപ്പുരോഗികളുടെ ഡയപ്പർ ഉൾപ്പെടെ നിക്ഷേപിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മാലിന്യനിക്ഷേപം രൂക്ഷമായ കാഞ്ഞിരംകുഴി, ആനചുട്ടമുക്ക്, പി.എൻ.എം ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

Post a Comment

0 Comments