അഞ്ചാലുംമൂട് : സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങളുടെ 139-ാമത് ആണ്ട് നേർച്ചയ്ക്ക് കാഞ്ഞാവെളി കരുവാ മുസ്ലിം ജമാഅത്തിൽ തുടക്കമായി. വെള്ളിയാഴ്ച ജുമഅ നമസ്കാരത്തിന് ശേഷം നടന്ന മഖാം സിയാറത്തിന് കരുവാ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൽ ഉസ്താദ് താജുദ്ദീൻ മന്നാനി നേതൃത്വം നൽകി. തങ്ങളുടെ സ്മരണ പുതുക്കി പ്രാർത്ഥനകളിൽ പങ്കുചേരാൻ പ്രദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിശ്വാസികളാണ് മസ്ജിദിലേക്ക് ഒഴുകിയെത്തിയത്.
സദർ മുഅല്ലിം അൽ ഉസ്താദ് നൗഷാദ് അസ്ഹരി, മുഅദ്ദിൻ അൽ ഉസ്താദ് ജലീൽ മുസ്‌ലിയാർ, റഹ്മാനിയത്തുൽ ഇഹ്‌സാനിയ അറബിക് കോളേജിലെ ഉസ്താദുമാർ തുടങ്ങിയവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. നേർച്ചയുടെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 6 മുതൽ ഉദ്ബോധനവും ദുആ മജ്ലിസും നടക്കും. മലപ്പുറം സ്വദേശി സയ്യിദ് ഹുസൈൻ അബ്ദുൽ ഖാദിർ അഹ്സനി അൽ ഖാദിരി ദുആ മജ്ലിസിന് നേതൃത്വം നൽകും.
രാവിലെ 8 മണിക്ക് നടക്കുന്ന ബിരുദദാന സമ്മേളനത്തിൽ റഹ്മാനിയത്തുൽ ഇഹ്‌സാനിയ അറബിക് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഹാഫിളുകളായ നസറുള്ള റബ്ബാനി (കരുനാഗപ്പള്ളി), മുഹമ്മദ് ഇബ്രാഹിം ബാദുഷ റബ്ബാനി (ബാലരാമപുരം), അൽ അമീൻ റബ്ബാനി (കൊല്ലൂർവിള) എന്നിവർക്ക് സനദ് നൽകി ആദരിക്കും. വിപുലമായ അന്നദാനവും നേർച്ചയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

0 Comments