പുനലൂര്‍ : വെട്ടിത്തിട്ടയിലെ ‘ലിവിങ് വാട്ടര്‍’ ബോര്‍ഡിങ് സ്‌കൂളില്‍ 12 വയസ്സുകാരനെതിരെ അതിക്രൂരമായ പീഡനം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വാര്‍ഡന്‍ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെയും പാചകക്കാരനെയും പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവര്‍ത്തിച്ചു പറഞ്ഞിട്ടും വാര്‍ഡന്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. കുട്ടിയുടെ കാലുകള്‍ കയറില്‍ കെട്ടി തലകീഴായി തൂക്കിയിടുകയും താഴേക്ക് ഇടുമെന്ന് ഭീഷണിപ്പെടുത്തി ഭയപ്പെടുത്തുകയും ചെയ്തു. കുറ്റം സമ്മതിപ്പിക്കാനായി കുട്ടിയെ ശാരീരികമായി മര്‍ദ്ദിച്ചതായും മൊഴിയിലുണ്ട്. പേടി കാരണം കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല.
അടൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ മകനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ട മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചതോടെ കുട്ടി കരഞ്ഞുകൊണ്ട് നടന്ന കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. കഴുത്തിന് വേദന ഉണ്ടെന്ന് പറഞ്ഞ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ സ്ഥാപന അധികൃതർ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. സ്‌കൂളിന്റെ പേര് ചീത്തയാകാതിരിക്കാന്‍ കുടുംബത്തെ സ്വാധീനിക്കാന്‍ നോക്കിയെങ്കിലും മാതാപിതാക്കള്‍ വഴങ്ങിയില്ല. ബോര്‍ഡിങ് സ്‌കൂള്‍ ആയതുകൊണ്ട് തന്നെ വെക്കേഷന്‍ സമയത്ത് മാത്രമേ കുട്ടികളെ കാണാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. വെക്കേഷന്‍ ആയിട്ടും കുട്ടിയെ വിടാതിരുന്നപ്പോള്‍ ചോദ്യം ചെയ്ത ബന്ധുക്കളോട് മെയ് പകുതി ആകുമ്പോള്‍ വിടാം എന്നാണ് ഹോസ്റ്റര്‍ അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമാണ് കുട്ടിയെ വീട്ടിലേക്ക് അയക്കുന്നത്. തുടര്‍ന്നാണ് ഈ കൊടും ക്രൂരത പുറത്ത് അറിയുന്നത്. ഈ സ്ഥാപനത്തില്‍ കുട്ടികള്‍ക്ക് നേരെ മര്‍ദ്ദനം പതിവാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മുന്‍പ് ഇതേ കുട്ടിയെ ഒരു അധ്യാപിക മര്‍ദ്ദിച്ചിരുന്നുവെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.
കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. കുട്ടികളെ സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നടന്ന ഈ ക്രൂരതയില്‍ ബാലനീതി നിയമപ്രകാരമുള്ള കര്‍ശന വകുപ്പുകള്‍ ചുമത്താനാണ് സാധ്യത. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന ഈ സ്ഥാപനത്തിലെ മറ്റ് കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

0 Comments