കൊല്ലം : വ്യാജരേഖകൾ ചമച്ച് കൊല്ലം കേന്ദ്രീകരിച്ച് നടന്ന അവയവക്കച്ചവടത്തിലെ പ്രധാന ഏജന്റുമാരെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ (40), വടക്കേവിള ദർശന നഗറിൽ വാടകയ്ക്ക് താമസിക്കുന്ന സുധീർ (31) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഈ നിർണ്ണായക അറസ്റ്റ് വിവരം ആദ്യമായി പുറത്തുവിട്ടത് അഷ്ടമുടി ലൈവ് ന്യൂസ് ആണ്.
അറസ്റ്റിലേക്ക് നയിച്ച നീക്കങ്ങൾ:
വ്യാജരേഖകൾ നിർമ്മിച്ച് നിയമവിരുദ്ധമായി അവയവക്കച്ചവടം നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരമാണ് വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീജയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ സുപ്രധാന തെളിവുകൾ ലഭിച്ചു. ശ്രീജയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ എറണാകുളം കേന്ദ്രീകരിച്ച് നടന്ന ഇടപാടുകളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു. ശ്രീജയെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റൊരു ഏജന്റായ സുധീറിനെയും അവയവം നൽകിയ വിനോദ് എന്ന യുവാവിനെയും കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഉടൻ തന്നെ ഇവരെയും പോലീസ് വലയിലാക്കി. പ്രതികളിൽ നിന്ന് വ്യാജ ആധാർ കാർഡുകളും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. സാമ്പത്തികമായി തകർന്നവരെ കണ്ടെത്തി ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് അവയവങ്ങൾ കൈക്കലാക്കി മറിച്ചുവിൽക്കുന്ന മാഫിയയിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു.
മുഖ്യപ്രതി വലയിൽ:
ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കേസിലെ മുഖ്യസൂത്രധാരൻ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലത്ര ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെച്ച് പിടിയിലായി. നജീബിന്റെ ഭാര്യ ഉൾപ്പെടെ ഇതുവരെ ഏഴ് പേരാണ് ഈ കേസിൽ അറസ്റ്റിലായിരിക്കുന്നത്.
കൊല്ലം എ.സി.പി ടി.ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ കിളികൊല്ലൂർ എസ്.എച്ച്.ഒ അമൃത സതീപൻ, ഇൻസ്പെക്‌ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

0 Comments