കൊല്ലം : കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണനെതിരെ ആർഎസ്പി പാർട്ടി ഓഫീസിൽ കയറിയാൽ കാലുതല്ലിയൊടിക്കുമെന്ന് പരസ്യ ഭീഷണിയുമായി പിഎസ്‌യു നേതാക്കൾ. ഫേസ്ബുക്ക് കമന്റിലൂടെയാണ് ആർഎസ്പി വിദ്യാർത്ഥി സംഘടനയായ പിഎസ്‌യു നേതാവ് അനന്തകൃഷ്ണൻ യു രൂക്ഷമായ ഭീഷണി മുഴക്കിയത്. സഖാവ് സതുവിനെയും പാർട്ടിയെയും കൊല്ലം ജില്ലയിൽ നശിപ്പിക്കാൻ ശ്രമിക്കുന്ന ഗീതാകൃഷ്ണനെതിരെ മാത്രമാണ് തങ്ങളുടെ പ്രതിഷേധമെന്നും അല്ലാതെ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അല്ലെന്നും കമന്റുകളിൽ നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.
ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി കൊല്ലം സൗത്ത് ലോക്കൽ സെക്രട്ടറി സദു ശ്രമിച്ചതായും ഇതിനെതിരെ ചാരപ്പണി നടത്താൻ ആർഎസ്പിക്കാരുടെ പിന്നാലെ ആളുകളെ വിട്ടുവെന്നും ഗീതാകൃഷ്ണൻ ആരോപിച്ചതായുള്ള കാര്യമാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. തെളിവുകളില്ലാതെ ശബ്ദമില്ലാത്ത സിസിടിവി ദൃശ്യങ്ങൾ കാട്ടി ആർഎസ്പി പ്രവർത്തകരെ ഒറ്റുകാരാക്കാൻ ഗീതാകൃഷ്ണൻ ശ്രമിക്കുന്നുവെന്നാണ് പിഎസ്‌യുവിന്റെ ആക്ഷേപം. കൊല്ലം സൗത്ത് മണ്ഡലത്തിൽ യുഡിഎഫിന് ലഭിച്ച വലിയ ലീഡ് ചൂണ്ടിക്കാട്ടി വോട്ട് മറിച്ചെന്ന ആരോപണങ്ങളെ പിഎസ്‌യു നേതാക്കളായ ബൽറാം സജീവ്, അനന്തകൃഷ്ണൻ തുടങ്ങിയവർ കമൻ്റുകളിലൂടെ തള്ളിക്കളഞ്ഞു.
ഭീഷണിയുമായി വന്ന പിഎസ്‌യു നേതാവിന് "തരത്തിൽ പോയി കളിക്ക്" എന്ന മറുപടിയുമായി ഗീതാകൃഷ്ണനും രംഗത്തെത്തി. ആർഎസ്പിക്കാരനാണെങ്കിൽ പരാതികൾ ജില്ലാ സെക്രട്ടറിയോട് പോയി ചോദിക്കാനും അവർ കുറിച്ചു. യുഡിഎഫിലെ ഘടകകക്ഷിയായ ആർഎസ്പി പ്രവർത്തകനെ അനാവശ്യമായി വലിച്ചിഴച്ച് മുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കിയ ഗീതാകൃഷ്ണൻ മാപ്പ് പറയണമെന്ന് യുഡിഎഫ് ചടയമംഗലം നിയോജക മണ്ഡലം വൈസ് ചെയർമാൻ മഞ്ഞപ്പാറ സലിം ഇതേ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റിലൂടെ ആവശ്യപ്പെട്ടു. വ്യക്തിപരമായ ആരോപണങ്ങൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കരുതെന്ന ആവശ്യമാണ് ഉയരുന്നത്.

0 Comments