banner

ചവറയിൽ ഇനി സുജിത്ത് വിജയൻ പിള്ളയില്ല...!, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞു; പൊതുപ്രവർത്തനത്തിൽ തുടരും


ചവറ : തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങൽ പ്രഖ്യാപിച്ച് ചവറയിലെ മുൻ എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഡോ. സുജിത്ത് വിജയൻ പിള്ള. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറുന്ന വിവരം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. എന്നാൽ പൊതുപ്രവർത്തകനായി ജനങ്ങൾക്കിടയിൽ തുടർന്നും സജീവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2016-ൽ പിതാവ് എൻ. വിജയൻ പിള്ളയിലൂടെയും 2021-ൽ സുജിത്ത് വിജയൻ പിള്ളയിലൂടെയും ഇടതുപക്ഷം ചവറയെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നു. രണ്ട് തവണയും യു.ഡി.എഫിലെ ഷിബു ബേബി ജോണായിരുന്നു പ്രധാന എതിരാളി.

കഴിഞ്ഞ അഞ്ച് വർഷം ചവറയുടെ വികസനത്തിനായി നടത്തിയ ഇടപെടലുകൾ ജനങ്ങൾ വിസ്മരിക്കില്ലെന്നാണ് വിശ്വാസമെന്ന് അദ്ദേഹം കുറിച്ചു. 2021-ൽ 1096 വോട്ടുകൾക്ക് ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയാണ് സുജിത്ത് നിയമസഭയിലെത്തിയത്. എന്നാൽ ഇത്തവണ 18,573 വോട്ടുകൾക്ക് ഷിബു ബേബി ജോൺ ചവറ തിരിച്ചുപിടിക്കുകയായിരുന്നു. വിജയിച്ച ഷിബു ബേബി ജോണിനെ അഭിനന്ദിച്ച സുജിത്ത്, മണ്ഡലത്തിന്റെ വികസനത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിച്ചു. രണ്ട് തവണ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുത്ത താൻ ഇനി ആ രംഗത്തേക്ക് ഇല്ലെന്നും എന്നാൽ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള സാന്നിധ്യം ചവറയിൽ തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം പ്രവർത്തകരെ അറിയിച്ചു.

"ചവറയുടെ എല്ലാ മേഖലകളിലും എന്നാലാകുന്ന വികസന - ക്ഷേമ പ്രവർത്തനങ്ങൾ കഴിഞ്ഞ അഞ്ച് വർഷം നടത്തിയിട്ടുണ്ട്. രണ്ട് പ്രാവശ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുത്തു. ഇനി ചവറയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങുന്നു. ഒരു പൊതുപ്രവർത്തകനായി എന്റെ സാന്നിധ്യവും ഇടപെടലും തുടർന്നും മണ്ഡലത്തിലുണ്ടാകും."
— ഡോ. സുജിത്ത് വിജയൻ പിള്ള
(ഫേസ്ബുക്കിലെ പ്രസക്തഭാഗങ്ങളിൽ നിന്നും)

Post a Comment

0 Comments