അഞ്ചാലുംമൂട് : തൃക്കരുവ പഞ്ചായത്തിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു. വന്മള, വേളിക്കാട്, കാഞ്ഞാവെളി, പ്രാക്കുളം, ഗോസ്തലക്കാവ് എന്നീ പ്രദേശങ്ങളിലായി ഇന്ന് മാത്രം 14 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റതായാണ് വിവരം. ആളുകളെ കടിക്കുന്നതിന് പുറമെ, വഴിയിൽ കാണുന്ന മറ്റ് തെരുവുനായ്ക്കളെ കൂടി ആക്രമിക്കുന്ന തരത്തിൽ അതീവ അക്രമകാരിയായാണ് നായ പെരുമാറുന്നത്.
ഇന്ന് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വെച്ചും ഒരാൾക്ക് കടിയേറ്റു. ആളുകളെ അക്രമിക്കുന്നതിന് പുറമെ മുഖത്തും ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലും ആഞ്ഞുകടിക്കാൻ ശ്രമിക്കുന്ന തരത്തിൽ നായയുടെ ആക്രമണം ഏറെ ഭീതി പരത്തുന്നുണ്ട്. കടിയേറ്റവരിൽ മിക്കവരും കൊല്ലം ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതിൽ വന്മള സ്വദേശിയായ ഒരാൾക്ക് പ്രതിരോധ വാക്സിൻ എടുത്തതിനെ തുടർന്ന് അലർജി ഉണ്ടായതിനാൽ തുടർചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്.
കൊച്ചുകുട്ടികളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന വഴിയിലാണ് നായയുടെ അഴിഞ്ഞാട്ടം തുടരുന്നത്. തുടർച്ചയായി ആളുകൾക്ക് കടിയേറ്റിട്ടും അടിയന്തരമായി നായയെ പിടികൂടാനോ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതർ അടിയന്തരമായി ഇടപെട്ട് പേപ്പട്ടി ശല്യത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

0 Comments