banner

570 കോടിയുടെ മെഗാ ഡീൽ! ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം 'സീ' സ്വന്തമാക്കി; മത്സരങ്ങൾ ZEE5 ലും പുതിയ സ്പോർട്സ് ചാനലുകളിലും കാണാം

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും ഒടുവിൽ വിരാമം. 2026-ലെ ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ ദൃശ്യമാധ്യമ ശൃംഖലയായ സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (ZEE) സ്വന്തമാക്കി. ഇന്ന് പുറത്തുവന്ന ഔദ്യോഗിക സ്ഥിരീകരണപ്രകാരം 570 കോടി രൂപയ്ക്കാണ് സീ ഗ്രൂപ്പ് ഈ മെഗാ കരാർ ഉറപ്പിച്ചത്. വെറുമൊരു ലോകകപ്പിലൊതുങ്ങുന്നതല്ല ഈ കരാർ; 2026, 2030, 2034 വർഷങ്ങളിലെ ഫുട്ബോൾ ലോകകപ്പുകളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം ഇനി സീ നെറ്റ്‌വർക്കിന് മാത്രമായിരിക്കും. 2034 വരെയുള്ള ദീർഘകാല കരാറിലാണ് ഫിഫയും സീയും ഒപ്പുവെച്ചിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസം ആദ്യവാരത്തിലാണ് സീ ഗ്രൂപ്പ് തങ്ങളുടെ 'യുണൈറ്റഡ് 8' ക്ലസ്റ്ററിന് കീഴിൽ പുതുതായി നാല് സ്പോർട്സ് ചാനലുകൾ ആരംഭിച്ചത്. ഇന്ത്യൻ വിപണിയിലെ പ്രമുഖ കായിക ചാനലുകൾ ഫിഫ കരാറിൽ നിന്ന് പിന്മാറിയതോടെയാണ് സീ നെറ്റ്‌വർക്ക് സംപ്രേഷണാവകാശത്തിനായി ഫിഫയെ സമീപിച്ചതും കരാർ ഉറപ്പിച്ചതും. മുൻപ് ഇന്ത്യൻ ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റായ ഐ-ലീഗും ഉത്തർപ്രദേശ് കബഡി ലീഗും സംപ്രേഷണം ചെയ്ത പരിചയസമ്പത്ത് സീ ഗ്രൂപ്പിനുണ്ട്. "ലോകത്തിലെ ഏറ്റവും വലിയ കായിക കാഴ്ചകളിലൊന്ന് ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്" എന്ന് സീ എന്റർടെയ്ൻമെന്റ് സിഇഒ പുനിത് ഗോയങ്ക കരാർ സ്ഥിരീകരിച്ചുകൊണ്ട് പ്രതികരിച്ചു.

ടെലിവിഷൻ ചാനലുകൾക്ക് പുറമെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ZEE5 ലൂടെയും ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാം. അതുകൊണ്ടുതന്നെ ഇത്തവണ മൊബൈലിൽ മത്സരങ്ങൾ തത്സമയം ആസ്വദിക്കണമെങ്കിൽ പ്രേക്ഷകർ ZEE5 സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026-ലെ യു.എസ് ലോകകപ്പിൽ ആകെ 104 മത്സരങ്ങളാണുള്ളത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഈ ലോകകപ്പ് ആവേശത്തിന് മാറ്റ് കൂട്ടാൻ ഇതിനോടകം തന്നെ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള 26 അംഗ അർജന്റീന സ്ക്വാഡിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംപ്രേഷണാവകാശത്തിലെ അനിശ്ചിതത്വം നീങ്ങിയത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

Post a Comment

0 Comments