ആലപ്പുഴ : നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻ ക്രൂരമായി മർദിച്ച അഡ്വ. എ.ഡി തോമസിന് ഉജ്ജ്വല വിജയം. നിലവിലെ എം.എൽ.എയും സിപിഎം നേതാവുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ തറപറ്റിച്ചാണ് തോമസ് ആലപ്പുഴയെ യുഡിഎഫിനോട് ചേർത്തത്. നവകേരള സദസ്സിനിടെ ഉണ്ടായ പോലീസ് മർദ്ദനത്തിൽ ചോര ചിന്തിയ മണ്ണിൽ തന്നെ എംഎൽഎ സ്ഥാനത്തേക്ക് ജയിച്ചു കയറിയാണ് ‘തോമസിന്റെ മധുര പ്രതികാരം’.
കെഎസ്‌യു ജില്ലാ പ്രസിഡന്റായിരിക്കെ 2023ൽ നടന്ന പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദ്ദനമേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്ന തോമസിന്റെ പോരാട്ടവീര്യം ആലപ്പുഴയിലെ വോട്ടർമാർ ഹൃദയത്തോട് ചേർത്തു. ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വളർന്നുവന്ന തോമസ്, തന്റെ ജീവിതാനുഭവങ്ങളും കരുത്തും ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു. സിപിഎമ്മിന്റെ ഉറച്ച കോട്ടകളിൽ പോലും വലിയ വിള്ളലുണ്ടാക്കാൻ കഴിഞ്ഞതാണ് തോമസിന്റെ വിജയത്തിന്റെ പ്രധാന ഘടകം.
ചിത്തരഞ്ജന്റെ പ്രചരണങ്ങളെ മറികടന്ന്, ഭരണവിരുദ്ധ വികാരവും വ്യക്തിപരമായുള്ള സ്വാധീനവും തോമസിന് അനുകൂലമായി. ആവേശകരമായ സ്വീകരണമാണ് മണ്ഡലത്തിലെമ്പാടും ഈ യുവനേതാവിന് ലഭിക്കുന്നത്. തീരദേശ ജനതയുടെയും സാധാരണക്കാരുടെയും ശബ്ദമായി നിയമസഭയിൽ താൻ ഉണ്ടാവുമെന്ന് വിജയാഹ്ലാദത്തിനിടെ അദ്ദേഹം പ്രതികരിച്ചു. മർദ്ദനമേറ്റപ്പോൾ ഒപ്പം നിന്നവർക്കും വോട്ട് നൽകിയവർക്കും അദ്ദേഹം ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
.jpg)
0 Comments