മൺറോത്തുരുത്ത് കക്കാട്ടുകടവിന് സമീപം ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കാരുത്രക്കടവിൽ വിനോദസഞ്ചാരികളുമായി പുറപ്പെട്ട ചെറു ഹൗസ് ബോട്ടാണ് പുത്തനാറ്റിൽ വെള്ളം കയറി കനത്ത കാറ്റിലും മഴയിലും അപകടത്തിൽപ്പെട്ടത്.
യാത്രയ്ക്കിടയിൽ ബോട്ട് അസ്വാഭാവികമായി ഉലയുന്നത് കണ്ട് കരയിലുണ്ടായിരുന്നവർ മുന്നറിയിപ്പ് നൽകിയെങ്കിലും ജീവനക്കാർ യാത്ര തുടരുകയായിരുന്നു. എന്നാൽ മിനിറ്റുകൾക്കകം ബോട്ടിലേക്ക് വെള്ളം കയറി മുങ്ങാൻ തുടങ്ങിയതോടെ ജീവനക്കാർ സഹായത്തിനായി നിലവിളിച്ചു.
തുടർന്ന് ഒട്ടും സമയം കളയാതെ സമീപത്തുണ്ടായിരുന്ന മൂñന്ന് വള്ളങ്ങളിലായി നാട്ടുകാർ ബോട്ടിലുണ്ടായിരുന്ന സഞ്ചാരികളെ മുഴുവൻ ഇരു കരകളിലേക്കും സുരക്ഷിതമായി മാറ്റുകയായിരുന്നു. നാട്ടുകാരുടെ ഈ അവസരോചിതമായ ഇടപെടൽ ഒന്നുമാത്രമാണ് ആരും വെള്ളത്തിൽ വീഴാതെ വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായത്.
അപകടവിവരമറിഞ്ഞ് കുണ്ടറയിൽ നിന്നെത്തിയ ഫയർഫോഴ്സും കിഴക്കേ കല്ലട പൊലീസും സ്ഥലത്ത് തുടർനടപടികൾ സ്വീകരിച്ചു.

0 Comments