banner

കൊല്ലത്ത് ഇടതുകോട്ടകൾ തകർത്ത് യുഡിഎഫ് തരംഗം...!, ചാത്തന്നൂരിൽ താമര വിരിയിച്ച് എൻഡിഎ; ജില്ലയിൽ രാഷ്ട്രീയ അട്ടിമറി!


കൊല്ലം : കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വിപ്ലവാത്മകമായ മാറ്റം കുറിച്ചുകൊണ്ട് കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണ്ണമായും പുറത്തുവന്നു. വർഷങ്ങളായി ഇടതുപക്ഷം കുത്തകയാക്കി വെച്ചിരുന്ന ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും യുഡിഎഫ് അട്ടിമറി വിജയം നേടിയപ്പോൾ, ചാത്തന്നൂരിലൂടെ ബിജെപി ജില്ലയിൽ തങ്ങളുടെ കന്നി വിജയം രേഖപ്പെടുത്തി.

ഏറ്റവും വലിയ അട്ടിമറി നടന്ന പത്തനാപുരത്ത്, 25 വർഷമായി മണ്ഡലം കൈവശം വെച്ചിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാറിനെ ആണ് യുഡിഎഫിന്റെ ജ്യോതികുമാർ ചാമക്കാല പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 14,336 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഗണേഷിനെ ഇത്തവണ ചാമക്കാല 8,310 വോട്ടുകൾക്കാണ് പിന്നിലാക്കിയത്. കുന്നത്തൂരിലും സമാനമായ മാറ്റം പ്രകടമായി. കാൽ നൂറ്റാണ്ടായി തുടരുന്ന കോവൂർ കുഞ്ഞുമോന്റെ ആധിപത്യം അവസാനിപ്പിച്ച് ആർഎസ്പിയുടെ ഉല്ലാസ് കോവൂർ വിജയം നേടി. കഴിഞ്ഞ തവണ 2,790 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന കുഞ്ഞുമോനെ അട്ടിമറിച്ചാണ് കുന്നത്തൂരിൽ വലതുപക്ഷം വിജയക്കൊടി പാറിച്ചത്.

കുണ്ടറയിൽ കഴിഞ്ഞ തവണ അപ്രതീക്ഷിത വിജയം നേടിയ പി.സി. വിഷ്ണുനാഥ്, ഇത്തവണ തന്റെ മേധാവിത്വം ഇരട്ടിയാക്കി. എൽഡിഎഫിന്റെ എസ്.എൽ സജികുമാറിനെ 32,564 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 4,523 മാത്രമായിരുന്നു വിഷ്ണുനാഥിന്റെ ഭൂരിപക്ഷം. കരുനാഗപ്പള്ളിയിൽ സിറ്റിംഗ് എംഎൽഎ സി.ആർ. മഹേഷ്, സിപിഐയുടെ അഡ്വ. എം.എസ്. താരയെ 26,618 വോട്ടുകൾക്ക് പരാജയപ്പെടുത്തി തന്റെ കരുത്ത് കാട്ടി. ചവറയിൽ കഴിഞ്ഞ തവണ സ്വതന്ത്രനായി നിന്ന് 1,096 വോട്ടുകൾക്ക് ജയിച്ച ഡോ. സുജിത് വിജയൻ പിള്ളയെ ഇത്തവണ ആർഎസ്പിയുടെ ഷിബു ബേബി ജോൺ 18,573 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു.

കൊല്ലം നഗര മണ്ഡലത്തിൽ അഡ്വ. ബിന്ദു കൃഷ്ണ ഉജ്ജ്വലമായ വിജയമാണ് നേടിയത്. എൽഡിഎഫിന്റെ എസ്. ജയമോഹനെ 16,830 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിനാണ് ബിന്ദു കൃഷ്ണ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ സിറ്റിംഗ് എംഎൽഎ മുകേഷിനോട് 2,072 വോട്ടുകൾക്ക് പരാജയപ്പെട്ടടത്താണ് ഇത്തവണ ബിന്ദു കൃഷ്ണ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇരവിപുരത്ത് കഴിഞ്ഞ തവണ 28,121 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച എം. നൗഷാദിനെ, ഇത്തവണ ആർഎസ്പിയുടെ അഡ്വ. വിഷ്ണു മോഹൻ 8,803 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത് ഇടതുപക്ഷത്തിന് വലിയ ആഘാതമായി. ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയെ (കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം: 13,678) 7,486 വോട്ടുകൾക്ക് പരാജയപ്പെടുത്തി യുഡിഎഫിന്റെ എം.എം. നസീർ അട്ടിമറി പൂർത്തിയാക്കി.

ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിൽ മാറ്റം കുറിച്ചുകൊണ്ട് ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ വിജയിച്ചു. കഴിഞ്ഞ തവണ 17,206 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സിപിഐയുടെ ജി.എസ്. ജയലാലിന് പകരം മത്സരിച്ച അഡ്വ. ആർ രാജേന്ദ്രനെ 4,398 വോട്ടുകൾക്കാണ് ഗോപകുമാർ പരാജയപ്പെടുത്തിയത്.
ഇടതുപക്ഷത്തിന് ജില്ലയിൽ ആകെ നിലനിർത്താനായത് രണ്ട് സീറ്റുകൾ മാത്രമാണ്. പുനലൂരിൽ സി. അജയപ്രസാദ് 21,529 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ (കഴിഞ്ഞ തവണ പി.എസ്. സുപാലിന്റെ ഭൂരിപക്ഷം 37,057 ആയിരുന്നു), കൊട്ടാരക്കരയിൽ മന്ത്രി കെ.എ. ബാലഗോപാൽ കടുത്ത പോരാട്ടത്തിനൊടുവിൽ അഡ്വ. പി. ഐഷ പോറ്റിയെ 1,012 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി. കഴിഞ്ഞ തവണ 10,814 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന ബാലഗോപാൽ ഇത്തവണ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്.

Post a Comment

0 Comments