banner

എം.കെ. സ്റ്റാലിന് അപ്രതീക്ഷിത തോൽവി...!, മുഖ്യമന്ത്രിയെ അട്ടിമറിച്ച് പഴയ വിശ്വസ്തൻ വി.എസ്. ബാബു; ദ്രാവിഡ കോട്ടകളിൽ വിള്ളൽ വീഴ്ത്തി വിജയ്, ടി.വി.കെ അധികാരത്തിലേക്ക്

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അപ്രതീക്ഷിത തോൽവി. കൊളത്തൂർ മണ്ഡലത്തിൽ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാനാർത്ഥി വി.എസ്. ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. കഴിഞ്ഞ തവണ 70,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിലാണ് ഇത്തവണ മുഖ്യമന്ത്രിക്ക് അടിതെറ്റിയത്. സ്റ്റാലിന്റെ പരാജയം തമിഴ്നാട് രാഷ്ട്രീയത്തെയും ഡി.എം.കെ കേന്ദ്രങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോൽവിയാണിത്. സ്റ്റാലിന്റെ പഴയ വിശ്വസ്തനും മുൻ ഡി.എം.കെ എം.എൽ.എയുമായ വി.എസ്. ബാബുവാണ് ഇത്തവണ അട്ടിമറി വീരനായത്. 2011-ൽ കൊളത്തൂരിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്ന ബാബു, പിന്നീട് സ്റ്റാലിന്റെ അനിഷ്ടത്തെത്തുടർന്ന് പാർട്ടി വിടുകയായിരുന്നു. എ.ഐ.എ.ഡി.എം.കെയിൽ നിന്ന് ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാബു വിജയ്‌യുടെ പാർട്ടിയിലെത്തിയത്. സ്റ്റാലിനെതിരായ വിജയത്തിലൂടെ രാഷ്ട്രീയമായ മധുരപ്രതികാരം കൂടിയാണ് ബാബു വീട്ടിയത്.

ജനനായകനായി വിജയ്; തമിഴകം ചുവടൊപ്പിച്ചു

തമിഴ്നാട്ടിൽ വൻ കുതിപ്പുമായി വിജയ്‌യുടെ ടി.വി.കെ അധികാരത്തിലേറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 234 സീറ്റുകളിൽ 108 ഇടങ്ങളിൽ ടി.വി.കെ സ്ഥാനാർത്ഥികൾ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ആണ്. ഡി.എം.കെ 60 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ എ.ഐ.എ.ഡി.എം.കെ 65 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു.

ആദ്യഘട്ടത്തിൽ തന്നെ ടി.വി.കെ വൻ മുന്നേറ്റം നടത്തിയതോടെ ഡി.എം.കെ ആസ്ഥാനം ആളൊഴിഞ്ഞ അവസ്ഥയിലായി. അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ ചെന്നൈയിലെ അണ്ണാ അറിവാലയത്തിൽ ആഘോഷങ്ങൾക്കായി ഒരുക്കിയിരുന്ന പന്തലുകളും കസേരകളും പ്രവർത്തകർ നീക്കം ചെയ്തു. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിന്റെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് വിജയ്‌യുടെ കുതിപ്പ്. നഗരപ്രദേശങ്ങളിൽ വിജയിന്റെ പാർട്ടിക്ക് ലഭിച്ച വൻ പിന്തുണ ഡി.എം.കെയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയതായാണ് വിലയിരുത്തൽ.


Post a Comment

0 Comments