അഞ്ചാലുംമൂട് : ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് നിർമ്മിച്ച കടവൂർ ഒറ്റക്കൽ ഭാഗത്തെ സർവ്വീസ് റോഡുകൾ വെള്ളത്തിനടിയിലാകുന്നത് പ്രദേശവാസികളെയും യാത്രക്കാരെയും കടുത്ത ദുരിതത്തിലാക്കുന്നു. ജനസാന്ദ്രതയേറിയ ഈ സർവ്വീസ് റോഡിൽ ചെറിയൊരു മഴ പെയ്താൽപ്പോലും വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. വരാനിരിക്കുന്ന കനത്ത കാലവർഷത്തിൽ പ്രദേശം എങ്ങനെ നിലനിൽക്കുമെന്ന ആശങ്ക ശക്തമായിരിക്കെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായത്. 'സ്നേഹപൂർവ്വം കുരീപ്പുഴയിൽ നിന്നും' കൂട്ടായ്മയുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ അധികൃതർക്ക് പരാതി നൽകുമെന്ന് പ്രസിഡന്റ് വി.എസ്. ഷാജി അറിയിച്ചു.
പ്രതിഷേധവുമായി ജനങ്ങൾ; ഗതാഗതം തിരിച്ചുവിട്ടു
ഇത്തവണ വേനൽമഴയ്ക്ക് പുറമെ പ്രദേശത്തെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയതായിരുന്നു കനത്ത വെള്ളക്കെട്ടിന് കാരണമായത്. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നതോടെ നിരവധി വാഹനങ്ങൾ ഇതിനിടയിൽപ്പെട്ട് ഓഫ് ആയി പോകുന്ന സ്ഥിതിയുണ്ടായി. ഇതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തുകയും ചെയ്തു. കനത്ത വെള്ളക്കെട്ടും ജനങ്ങളുടെ പ്രതിഷേധവും കാരണം അൽത്തറമൂട് ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ പിന്നീട് കൊല്ലം വഴിയും കാവനാട് വഴിയും തിരിച്ചുവിട്ടു. ജനരോഷം ശക്തമായതിനെ തുടർന്ന് ഒടുവിൽ ഇന്നലെ വൈകിട്ടോടെ പൈപ്പ് പൊട്ടിയ ഭാഗം അധികൃതർ എത്തി ശരിയാക്കുകയായിരുന്നു. ഓട നിർമ്മാണത്തിനായി ദേശീയപാത അതോറിറ്റി ഫണ്ട് അനുവദിച്ചതായും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും നേരത്തെ കോർപ്പറേഷൻ കൗൺസിലിൽ അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രായോഗിക നടപടികൾ ഉണ്ടായിട്ടില്ല.
നാട്ടുകാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ:
* കോർപ്പറേഷൻ കൗൺസിലിൽ വ്യക്തമാക്കിയതുപോലെ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് ഒറ്റക്കൽ ഭാഗത്തെ ഓട നിർമ്മാണം അടിയന്തരമായി ആരംഭിക്കുക.
* സർവ്വീസ് റോഡിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിച്ച് വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുക.
* വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഗതാഗതം തിരിച്ചുവിടേണ്ടി വരുന്ന താൽക്കാലിക രീതിക്ക് പകരം ദുരന്തനിവാരണ അതോറിറ്റി ശാശ്വത പരിഹാരം കാണുക.
* ദേശീയപാത അതോറിറ്റി (NHAI), കൊല്ലം പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ, നിയുക്ത എം.എൽ.എ ബിന്ദു കൃഷ്ണ, ജില്ലാ കളക്ടർ എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടുക.

0 Comments