banner

വീഡിയോ കോളിലൂടെ കണ്ടു...!, മൂന്നു വർഷക്കാലത്തോളം ഫോൺ വഴി പ്രണയം അഭിനയിച്ചു; വിവാഹപരസ്യം വഴി പരിചയപ്പെട്ട സ്ത്രീയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചു


വിവാഹവാഗ്ദാനം നൽകി മദ്ധ്യവയസ്കയെ ലൈംഗികമായി ഉപയോഗിച്ച ശേഷം, മുങ്ങിക്കളഞ്ഞയാൾ അറസ്റ്റില്‍. തൃശ്ശൂർ ചാവക്കാട് പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെരുവല്ലൂർ കൊട്ടിലിങ്ങൽ വീട്ടിൽ സലീം.പി.കെ (48) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.  ചെങ്ങന്നൂർ സ്വദേശിയായ സ്ത്രീയുടെ പരാതിയിൽ, കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്. 2020ൽ സോഷ്യൽ മീഡിയയിൽ നൽകിയ വിവാഹ പരസ്യത്തിൽ നിന്നും ഫോൺ നമ്പർ ശേഖരിച്ചാണ് ഈ സ്ത്രീയുടെ ബന്ധുക്കളെ സലീം ഫോൺ വിളിച്ച് പരിചയപ്പെട്ടത്. അതുവഴിയാണ് പരാതിക്കാരിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് രണ്ടുമൂന്നു വർഷക്കാലത്തോളം  ഫോൺ വഴിയുള്ള ബന്ധം നിലനിർത്തി പ്രണയം അഭിനയിച്ചു.

താൻ വിവാഹമോചിതനാണെന്നും ഒരു മകൾ തനിക്കുണ്ടെന്നും ഒരു കൂട്ട് ആവശ്യമാണെന്നും  പറഞ്ഞ് വിദേശത്തായിരുന്ന പ്രതി പരാതിക്കാരിയെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുകയായിരുന്നു. ഇയാളും പരാതിക്കാരിയും തമ്മിൽ നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് വീഡിയോ കോളിലൂടെ കണ്ടപ്പോൾ തന്നെക്കാളും വളരെ സുമുഖനായതിനാൽ, താനുമായി ചേരില്ലെന്ന് പറഞ്ഞ് പരാതിക്കാരി   ബന്ധം അവസാനിപ്പിക്കാൻ പലതവണ നിർബന്ധിച്ചു. എന്നാല്‍ പല കള്ളത്തരങ്ങളും പറഞ്ഞ് പ്രതി, ഈ സ്ത്രീയുമായി  ഫോൺ വഴി ബന്ധം നിലനിർത്തുകയായിരുന്നു. 

പിന്നീട് 2024 മാർച്ചിൽ ഇയാള്‍ നാട്ടിലെത്തി. നേരിട്ട് കാണാൻ വീട്ടിലേക്ക് വരുന്നുണ്ടെന്നും തിരികെ പോകുന്നതിന് മുമ്പ് വിവാഹം നടത്തുമെന്നും സ്ത്രീയെ പറഞ്ഞു വിശ്വസിപ്പിച്ചു. ആ മാസത്തിലൊരു ദിവസം സന്ധ്യയോടെ നേരിട്ടു കാണാനെന്ന വ്യാജേന വീട്ടിലെത്തിയ സലീം അന്ന് അവിടെ താമസിക്കുകയും, നിർബന്ധപൂർവ്വം പരാതിക്കാരിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ബന്ധുക്കളുമായി വന്ന് വിവാഹം ഉറപ്പിക്കാമെന്ന് പറഞ്ഞാണ് സ്ത്രീയെ വിശ്വസിപ്പിച്ചത്. 

തൊട്ടടുത്ത ദിവസം അവിടെ നിന്ന് തിരികെ പോയ പ്രതി പിന്നീട് പരാതിക്കാരിയില്‍ നിന്ന് ബോധപൂര്‍വം അകലുകയായിരുന്നു. പിന്നീട് സലിം അയാളുടെ ഭാര്യയും മക്കളുമായി നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് പരാതിക്കാരി മനസിലാക്കിയത്. തുടര്‍ന്നാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരി കേസ് കൊടുത്തത്. 

Post a Comment

0 Comments