അഞ്ചാലുംമൂട് : ജനവാസമേഖലയിൽ അണലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. തൃക്കരുവ പള്ളിമുക്ക് കിണറുവിള കിഴക്കതിൽ ഹാഷിക്കിന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് വലിയ തള്ളയണലിയെ പിടികൂടിയത്. പാമ്പുപിടുത്ത വിദഗ്ധനായ പെരുമൺ സ്വദേശി പ്രേംജിത്ത് എത്തിയാണ് അണലിയെ വലയിലാക്കിയത്. അണലിക്ക് ഒറ്റ പ്രസവത്തിൽ ഇരുപതോളം കുഞ്ഞുങ്ങൾ ഉണ്ടാകാമെന്നും ഇനിയും പരിസരത്ത് പാമ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രേംജിത്ത് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് പാമ്പുകളെ കണ്ടു വരികയായിരുന്നു. ഇന്നലെ ഹാഷിക്കിന്റെ വീടിന്റെ വാതിൽപ്പടിയിൽ അണലിക്കുഞ്ഞിനെ കണ്ടതോടെയാണ് പ്രദേശവാസികൾ കടുത്ത ആശങ്കയിലായത്. ഭാഗ്യം കൊണ്ടാണ് പാമ്പിനെ ചവിട്ടാതെ രക്ഷപ്പെട്ടതെന്ന് ഹാഷിക്ക് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കരിയിലക്കൂട്ടമാണ് ഇവയുടെ താവളമെന്ന് തിരിച്ചറിഞ്ഞത്. ഇവിടം വൃത്തിയാക്കുന്നതിനിടെയാണ് വലിയ അണലിയെ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി സമീപത്തെ വീട്ടിൽ വളർത്തുപൂച്ച ഒരു പാമ്പിൻകുഞ്ഞിനെ കൊണ്ടുവന്നിട്ടിരുന്നു. പരിശോധനയിൽ ഇത് അണലിക്കുഞ്ഞാണെന്ന് ബോധ്യപ്പെട്ടിരുന്നു. മഴക്കാലം എത്തുന്നതോടെ പറമ്പുകളിലെ കരിയിലകൾ പാമ്പുകളുടെ താവളമായി മാറുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന അടിസ്ഥാനത്തിൽ നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
.jpg)
0 Comments