സ്പോർട്സ് ഡെസ്ക്: ബംഗ്ലാദേശ് യുവ പേസർ ഹസൻ മഹ്മൂദ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. പ്രമുഖ കൗണ്ടി ക്ലബ്ബായ കെന്റിന് (Kent) വേണ്ടി താരം കളിക്കുമെന്ന വാർത്ത ഹസൻ മഹ്മൂദിന്റെ ഏജന്റാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ജൂൺ 12-ന് ലങ്കാഷയറിനെതിരെ നടക്കാനിരിക്കുന്ന കെന്റിന്റെ മത്സരത്തിൽ താരം ടീമിനൊപ്പം ചേരുമെന്നാണ് കായിക വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ പരിക്കേറ്റതിനെത്തുടർന്ന് ഹസൻ മഹ്മൂദിന് പാകിസ്ഥാനെതിരെയുള്ള ഹോം പരമ്പര നഷ്ടമായിരുന്നു. ഇതിനുശേഷമാണ് താരം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചതും കെന്റ് കോച്ച് ആദം ഹോളിയോക്കെയ്ക്ക് കീഴിൽ കടുത്ത പരിശീലനം ആരംഭിച്ചതും. കൗണ്ടി ക്രിക്കറ്റിന്റെ അനുഭവസമ്പത്ത് താരത്തിന്റെ കരിയറിന് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
മുൻപും ബംഗ്ലാദേശ് താരങ്ങൾ ഇംഗ്ലീഷ് കൗണ്ടിയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രമുഖ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഇതിനുമുമ്പ് വോർഷെസ്റ്റർഷെയറിനും സറേയ്ക്കും വേണ്ടി കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അതേ പാത പിന്തുടർന്ന് കെന്റിന്റെ ജേഴ്സിയിൽ മികച്ച സ്പെല്ലുകളുമായി തിളങ്ങാനൊരുങ്ങുകയാണ് ഈ യുവ പേസർ.

0 Comments