banner

നവകേരള സദസ്സിലെ ഗൺമാൻമാരുടെ മർദ്ദനം: മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിശദവാദം കേൾക്കും, പ്രതികൾ ഒളിവിലെന്ന് അന്വേഷണസംഘം


​കൊച്ചി : നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിശദവാദം കേൾക്കും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യഹർജി ഇന്നലെ പരിഗണിച്ചിരുന്നെങ്കിലും ആക്ഷേപം ഫയൽ ചെയ്യാൻ പരാതിക്കാർ സാവകാശം തേടിയതിനെത്തുടർന്നാണ് വാദം കേൾക്കൽ ഇന്നത്തേക്ക് മാറ്റിവെച്ചത്.

​ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് പ്രത്യേക അന്വേഷണസംഘവും (SIT) ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതികൾ അഞ്ചുപേരും നിലവിൽ ഒളിവിലാണെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. അന്വേഷണം അതീവ നിർണ്ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും എസ്‌.ഐ.ടി കോടതിയിൽ വാദിക്കും. ഇന്നത്തെ വിശദമായ വാദത്തിനുശേഷം ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയും. മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

​2023 ഡിസംബറിലാണ് കേരളത്തെ പിടിച്ചുലച്ച ഈ സംഭവം ഉണ്ടാകുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഗൺമാൻ അനിൽ, എസ്‌കോർട്ട് പോലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികളുടെ ജാമ്യഹർജിയിൽ കോടതി ഇന്ന് നിർണ്ണായക വാദം കേൾക്കുന്നത്.

Post a Comment

0 Comments