കൊല്ലം : കൊല്ലം നഗരമധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഒരു 'സീരിയൽ കില്ലർ' (പരമ്പര കൊലയാളി) ആണെന്ന നിഗമനത്തിൽ പോലീസ്. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ രാജേന്ദ്രൻ എന്ന വയോധികനെ കൊലപ്പെടുത്തിയത് തമിഴ്‌നാട് സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന മറ്റൊരു ദുരൂഹ കൊലപാതകത്തിന് പിന്നിലും ഇതേ തമിഴ്‌നാട് സ്വദേശി തന്നെയാണെന്നാണ് പോലീസിന്റെ ശക്തമായ സംശയം.
കൊല്ലം നഗരത്തിലും പാരിപ്പള്ളിയിലും നടന്ന കൊലപാതകങ്ങൾ ഒരേ രീതിയിലാണ് (Modus Operandi) നടപ്പിലാക്കിയിരിക്കുന്നത് എന്നതാണ് പോലീസിനെ ഈ നിഗമനത്തിൽ എത്തിച്ചത്. രണ്ടിടങ്ങളിലും തമിഴ്‌നാട് സ്വദേശിയായ ഈ പ്രതിയെ തന്നെയാണ് പോലീസ് സംശയിക്കുന്നത്. കൊല്ലത്ത് കടയ്ക്ക് മുന്നിൽ കിടന്നുറങ്ങി തെരുവിൽ കഴിഞ്ഞിരുന്ന മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനാണ് കൊല്ലപ്പെട്ടതെങ്കിൽ, പാരിപ്പള്ളിയിൽ പണി നടക്കുന്ന ഒഴിഞ്ഞ കെട്ടിടത്തിൽ കിടന്നുറങ്ങിയിരുന്ന രവീന്ദ്രൻ എന്നയാളാണ് സമാന രീതിയിൽ കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ ഇടങ്ങളിലും കടത്തിണ്ണകളിലും കിടന്നുറങ്ങുന്ന വയോധികരെ ലക്ഷ്യമിട്ടാണ് പ്രതി ആക്രമണം നടത്തുന്നത്.
തുടർച്ചയായി നടക്കുന്ന ഈ കൊലപാതകങ്ങളിലെ പ്രതിയെ പിടികൂടാൻ കൊല്ലം സിറ്റി പോലീസിന് ഇതുവരെയും സാധിക്കാത്തത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നഗരത്തിൽ ഭീതി പടർത്തുന്ന ഈ പരമ്പര കൊലപാതകിയെ എത്രയും വേഗം വലയിലാക്കാനായി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രതിയുടെ ഒളിത്താവളങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ തന്നെ ഇയാൾ പിടിയിലാകുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

0 Comments