ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടാനൊരുങ്ങുന്നതായി ശക്തമായ റിപ്പോർട്ടുകൾ. അണ്ണാമലൈയെ പാർട്ടിയിൽ നിലനിർത്താനും അനുനയിപ്പിക്കാനുമുള്ള കടുത്ത ശ്രമങ്ങളിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായി തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ കേന്ദ്ര നേതൃത്വം അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. നിലവിൽ ഡൽഹിയിലുള്ള അണ്ണാമലൈയോട് അവിടെത്തന്നെ തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഇന്ന് ഇരുവരുമായും കേന്ദ്ര നേതൃത്വം നിർണ്ണായക ചർച്ചകൾ നടത്തും. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പ്രവർത്തന ശൈലിയിൽ അണ്ണാമലൈയ്ക്കുള്ള കടുത്ത എതിർപ്പാണ് നിലവിലെ പൊട്ടിത്തെറിക്ക് പ്രധാന കാരണം.
യുവജനങ്ങൾക്കിടയിൽ വലിയ സ്വാധീനവും ശക്തമായ പിന്തുണയുമുള്ള അണ്ണാമലൈയെപ്പോലൊരു നേതാവ് പാർട്ടി വിടുന്നത് തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് വൻ തിരിച്ചടിയാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ബി.ജെ.പിയെ കൂടാതെ ആർ.എസ്.എസ് നേതൃത്വവും അണ്ണാമലൈയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി രംഗത്തുണ്ട്. ഇതിനിടെ, ഇന്നലെ ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടനാ ജനറൽ സെക്രട്ടറി ബി.എ.ൽ. സന്തോഷ് എന്നിവരുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകൾക്കിടയിൽ അണ്ണാമലൈ തന്റെ രാജിക്കത്ത് നേതൃത്വത്തിന് കൈമാറിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതോടൊപ്പം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ പാർട്ടിക്കുണ്ടായ പ്രകടനം വ്യക്തമാക്കുന്ന അഞ്ച് പേജുള്ള വിശദമായ റിപ്പോർട്ടും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിക്കും തമിഴ്‌നാട്ടിലെ പ്രമുഖ ദ്രാവിഡ പാർട്ടികൾക്കും ബദലായി തമിഴ് മണ്ണിൽ പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് അണ്ണാമലൈ ലക്ഷ്യമിടുന്നത്. തമിഴ്‌നാടിന്റെ തനിമയ്ക്കും വികസനത്തിനും പ്രാമുഖ്യം നൽകുന്ന ഒരു മതേതര പാർട്ടി രൂപീകരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ പുതിയ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് മുൻ സംസ്ഥാന അധ്യക്ഷന്റെ ഈ പുതിയ നീക്കം വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്.

0 Comments