അഞ്ചാലുംമൂട്: തൃക്കടവൂർ കുതിരക്കടവിൽ ആന പാപ്പാനായ ശാന്തിനഗർ 20ൽ വിളയിൽ വീട്ടിൽ രാജു (39) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ തൃക്കടവൂർ കീഴലത്ത് പടിഞ്ഞാറ്റതിൽ ശ്യാംകുമാർ (41), സഹോദരൻ മഹേഷ് (40) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ആക്രമണത്തിന്റെ ക്രൂരതയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുത്തേറ്റതിനെ തുടർന്ന് രാജുവിന്റെ കുടൽമാല പുറത്തുവന്നതായാണ് നാട്ടുകാർ പറയുന്നത്.
വ്യാഴാഴ്ച രാത്രി 9.30ഓടെ കുതിരക്കടവിൽ വാക്കുതർക്കത്തിനിടെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ശ്യാം കത്തി ഉപയോഗിച്ച് രാജുവിനെ കുത്തിയെന്നാണ് കേസ്. കുത്തേറ്റ രാജു കുറച്ചുസമയം സംഭവസ്ഥലത്ത് അനക്കമില്ലാതെ കിടന്നെങ്കിലും പരിക്കിന്റെ ഗുരുതരാവസ്ഥ ആദ്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് ഷർട്ട് മാറ്റി നോക്കിയപ്പോഴാണ് വയറ്റിൽ ആഴത്തിൽ കുത്തേറ്റതും കുടൽമാല പുറത്തുവന്ന നിലയിലായിരുന്നതും ശ്രദ്ധയിൽപ്പെട്ടതെന്നാണ് വിവരം കേട്ടറിഞ്ഞ നാട്ടുകാർ പറയുന്നത്. ഉടൻ മതിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്ന് മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ പോയ ശ്യാംകുമാറിനെ മണിക്കൂറുകൾക്കകം സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പഴയ രശ്മി തിയേറ്ററിന് സമീപത്ത് നിന്ന് പിടികൂടി. തുടർന്ന് ഇരുവരെയും കൊലപാതകം നടന്ന സ്ഥലത്തും സമീപത്തെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർന്ന് റിമാൻഡ് ചെയ്തു.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഹേമലത എം. ഐ.പി.എസിന്റെ നിർദേശപ്രകാരം കൊല്ലം എ.സി.പി ഷാജി എസിന്റെ മേൽനോട്ടത്തിൽ അഞ്ചാലുംമൂട് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രതിഭ, പ്രദീപ്, എ.എസ്.ഐമാരായ ഷഹീർ, ഡെൽഫിൻ, എസ്.സി.പി.ഒമാരായ പ്രമോദ്, മഹേഷ്, പ്രവീൺ, ശിവകുമാർ, റഫീഖ്, റോസി സേവ്യർ, സി.പി.ഒമാരായ സുനിലാൽ, ഷിജോ ജോയ്, അരുൺ എന്നിവരും സൈബർ സെൽ സംഘവും ചേർന്നാണ് അന്വേഷണം നടത്തി മണിക്കൂറുകൾക്കകം മുഖ്യപ്രതിയെ പിടികൂടിയത്.
മരിച്ച രാജു തൃക്കടവൂർ ശിവരാജു എന്ന ആനയുടെ മൂന്നാം പാപ്പാനാണ്. അശ്വതിയാണ് ഭാര്യ. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം പോളയത്തോട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

0 Comments