banner

നെയ്‌മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നും വിരമിച്ചു


ലോക ഫുട്ബോളിലെ സുൽത്താൻ നെയ്‌മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നും വിരമിച്ചു. ലോകകപ്പ് പ്രീ ക്വാർട്ടറിൽ വമ്പന്മാരായ ബ്രസീൽ നോർവേയോട് തോറ്റ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-ാം വയസ്സിൽ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ കാനറികളെ തകർത്തത്. ഇതോടെ 1990ന് ശേഷം ആദ്യമായി ബ്രസീൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. മെസ്സി, റൊണാൾഡോ എന്നിവർക്കൊപ്പം ആധുനിക ഫുട്ബോളിനെ ഭരിച്ച നെയ്‌മറുടെ യുഗം അവസാനിക്കുമ്പോൾ, ഫ്രാൻസിൻ്റെ എംബാപ്പെയ്ക്കൊപ്പം നോർവേയുടെ എർലിങ് ഹാലണ്ട് പുതിയ രാജാവായി സിംഹാസനത്തിലേക്ക് ചുവടുവയ്ക്കുകയാണ്.

1998ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയെത്തിയ നോർവേയ്ക്ക് മുന്നിലാണ് ബ്രസീൽ വീണത്. ഫുട്ബോൾ ചരിത്രത്തിൽ നോർവേയ്‌ക്കെതിരെ ഇതുവരെ ഒരു മത്സരംപോലും ജയിക്കാനായിട്ടില്ലെന്ന കാനറികളുടെ മോശം റെക്കോഡ് ഇതോടെ തുടർന്നു. അഞ്ച് മത്സരങ്ങളിൽ മൂന്ന് തോൽവി, രണ്ട് സമനില. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെ തന്ത്രപൂർവം കീഴടക്കിയ കോച്ച് കാർലോ ആഞ്ചലോട്ടിക്ക് പക്ഷേ നോർവേയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ കഴിഞ്ഞില്ല.

സ്പാനിഷ് ക്ലബ്ബായ റയൽ മഡ്രിഡിലെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ആഞ്ചലോട്ടി ബ്രസീൽ ടീമിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്തത്. അതും 10 മില്യൺ യൂറോ (90 കോടിയിലധികം ഇന്ത്യൻ രൂപ) പ്രതിഫലത്തോടെ. മോശം പ്രകടനങ്ങളെ തുടർന്ന് ബ്രസീൽ കോച്ചായിരുന്ന ഡോരിവൽ ജൂനിയറിനെ പുറത്താക്കിയ ശേഷമാണ് 2025 മെയ്‌ മാസത്തിൽ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ആഞ്ചലോട്ടിയെ പുതിയ പരിശീലകനായി നിയമിച്ചത്. തുടക്കത്തിൽ ഒരു വർഷത്തെ കരാറിലാണ് എത്തിയതെങ്കിലും, മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2026 മെയ്യിൽ അദ്ദേഹത്തിൻ്റെ കരാർ 2030 ഫിഫ ലോകകപ്പ് വരെ നീട്ടി നൽകി.

ഓരോ കളിയിലെയും പിഴവുകൾ പരിഹരിച്ച് മുന്നേറിയ ബ്രസീൽ വഴിയിൽ വീണതോടെ ഉയരുന്ന ചോദ്യം ഡോൺ തുടരുമോ എന്നതാണ്. തുടരും എന്നതാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ ഒരു ലോകകപ്പിൽ ടീമിനെ നയിക്കുന്ന ആദ്യത്തെ വിദേശ പരിശീലകനാണ് കാർലോ ആഞ്ചലോട്ടി. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എഡർ മിലിറ്റാവോ തുടങ്ങിയ പ്രമുഖ ബ്രസീലിയൻ താരങ്ങളെ റയൽ മഡ്രിഡിൽ ആഞ്ചലോട്ടി വിജയകരമായി പരിശീലിപ്പിച്ചിട്ടുണ്ട്. ഈ കളിക്കാരുമായുള്ള അദ്ദേഹത്തിൻ്റെ അടുത്ത ബന്ധം ബ്രസീൽ ടീമിലേക്ക് വരാനുള്ള കാരണമായി. ക്ലബ് ഫുട്ബോളിൽ അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും യൂറോപ്പിലെ അഞ്ച് പ്രധാന ലീഗ് കിരീടങ്ങളും നേടിയ അദ്ദേഹത്തിൻ്റെ പരിചയസമ്പത്ത്, 2002ന് ശേഷം ലോകകപ്പ് കിരീടം നേടാനാകാത്ത ബ്രസീലിന് ആവശ്യവുമായിരുന്നു. ഇറ്റാലിയൻ, സ്‌പാനിഷ്, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ പോർച്ചുഗീസ് ഭാഷയും വേഗത്തിൽ പഠിച്ചെടുത്തതിനാൽ ബ്രസീൽ താരങ്ങളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ നോർവേയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ട് നേടിയ ഇരട്ട ഗോളുകളാണ് ബ്രസീലിൻ്റെ നെഞ്ചുതകർത്തത്. പന്തടക്കത്തിലും പാസുകളിലും നോർവേയാണ് മുന്നിട്ടുനിന്നതെങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചത് ബ്രസീൽ ആയിരുന്നു. നോർവേ ഗോൾകീപ്പർ ഓറിയൻ നെയ്‌ലാൻഡിൻ്റെ മികച്ച സേവുകൾ ബ്രസീലിനെ തടഞ്ഞുനിർത്തി. മത്സരത്തിൻ്റെ 14-ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും മധ്യനിര താരം ബ്രൂണോ ഗിമാരസിൻ്റെ കിക്ക് നോർവീജിയൻ കീപ്പർ തട്ടിയകറ്റി.

40 വർഷത്തെ റെക്കോഡ് തകർന്നു
കഴിഞ്ഞ 40 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ബ്രസീൽ വഴങ്ങുന്ന ആദ്യ പെനാൽറ്റി പിഴവാണിത്. രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന ആൻഡ്രിയാസ് ഷെൽഡ്രൂപ്പിൻ്റെ തകർപ്പൻ അസിസ്റ്റുകളിൽ 79, 90 മിനിറ്റുകളിൽ എർലിങ് ഹാലണ്ട് ഗോളുകൾ നേടി നോർവേയെ 2-0ന് മുന്നിലെത്തിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, 100-ാം മിനിറ്റിൽ കാസെമിറോയെ ഫൗൾ ചെയ്‌തതിന് ബ്രസീലിന് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത നെയ്‌മർ ലക്ഷ്യം കണ്ടെങ്കിലും അതിജീവനത്തിനുള്ള സമയം അതിക്രമിച്ചിരുന്നു.


Post a Comment

0 Comments