banner

അഞ്ചാലുംമൂട്ടിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തതായി ആരോപണം


അഞ്ചാലുംമൂട്: പ്രതിഷേധ മാർച്ചിനിടെ അഞ്ചാലുംമൂട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയതായി ആരോപണം. ഓഫീസിലെ കസേരകളും മറ്റും നശിപ്പിച്ചതായും വിവരമുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് ഇന്നലെ രാത്രി എട്ടോടെ സംഭവം. ഓഫീസിന് മുന്നിലെ ബിന്ദു കൃഷ്ണയുടെ ഫ്ലെക്സ് ബോർഡും തകർത്തതായി പരാതിയുണ്ട്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ജംഗ്ഷനിൽ പ്രതിഷേധിച്ചു.

തുടർന്ന് രണ്ട് ഡിവൈഎഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചെന്നാരോപിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. എ.സി.പി എസ്. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനൽകി. പ്രതികളെ വിട്ടയച്ച എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടും പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് ഫ്ലെക്സ് തകർത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. തുടർ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജംഗ്ഷനിലും പരിസരത്തും പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

Post a Comment

0 Comments