banner

ലൈംഗികാതിക്രമ പരാതി...!, വനിതാ പൊലീസുകാരിയ്ക്ക് കൊല്ലം സിറ്റിയിൽ തുടരാൻ ഇടക്കാല ട്രൈബ്യൂണൽ ഉത്തരവ്


കൊല്ലം: ലൈംഗികാതിക്രമ പരാതി നൽകിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ നടപടിയിൽ ഇടപെട്ട് ട്രൈബ്യൂണൽ. കൊല്ലം സിറ്റിയിൽ നിന്ന് കൊച്ചി സിറ്റിയിലേക്ക് മാറ്റിയ ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് കഴിഞ്ഞ ദിവസം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിലവിലെ സ്റ്റേഷനിൽ തുടരാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പരാതിക്കാരിക്ക് സ്ഥലംമാറ്റം കടുത്ത മാനസികവും കുടുംബപരവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും രണ്ട് കുട്ടികളുടെ ഏക മാതാവാണെന്നും ട്രൈബ്യൂണലിനെ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് നിലവിലെ സ്റ്റേഷനിൽ തുടരാൻ ഇടക്കാല സംരക്ഷണം നൽകിയത്.

കോൺഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.നവാസിനെതിരെയാണ് 2025ൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ ചവറ പൊലീസ് സ്റ്റേഷനിൽ ലൈംഗികാതിക്രമ പരാതി നൽകിയത്. 

പരാതി നൽകിയിട്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായെന്നും പോഷ് നിയമപ്രകാരം പരാതി ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റിക്ക് കൈമാറുന്നതിൽ വീഴ്ചയുണ്ടായെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലും സംശയമുണ്ടെന്നും നിഷ്പക്ഷനായ മുതിർന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

ഇതിനിടെ കേസിൽ നടപടി നേരിട്ട നവാസിനെ സർവീസിൽ തിരിച്ചെടുത്ത് സ്വന്തം ജില്ലയായ ആലപ്പുഴയിൽ നിയമിച്ചിരുന്നു. പരാതിക്കാരിയെ കൊല്ലത്തുനിന്ന് കൊച്ചി സിറ്റിയിലേക്ക് മാറ്റിയ നടപടിയും പ്രതിയെ തിരിച്ചെടുത്ത് ആലപ്പുഴയിൽ നിയമിച്ചതും സംബന്ധിച്ച് വിമർശനം ഉയർന്നിരുന്നു.

ട്രൈബ്യൂണൽ ഉത്തരവോടെ പരാതിക്കാരിക്ക് നിലവിലെ സ്റ്റേഷനിൽ തുടരാൻ താൽക്കാലിക സംരക്ഷണം ലഭിച്ചു. ഹർജിക്കാരിക്കുവേണ്ടി അഡ്വ. എം.സി. സിനി ഹാജരായി.

Post a Comment

0 Comments