banner

വി.ഡി സതീശനെതിരായ പോസ്റ്റിൽ ലൈക്ക് ചെയ്തു!, പോലീസ് സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തിരുവനന്തപുരം : നോര്‍ത്ത്‌ പറവൂര്‍ എസ്‌എച്ച്‌ഒ ഷോജോ വര്‍ഗീസിനെതിരെ ഡിപ്പാര്‍ട്ട്മെന്റ് തല നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ വിജിലൻസ് അന്വേഷണ വാര്‍ത്തകള്‍ പത്രങ്ങളെ സ്വാധീനിച്ച്‌ ഇല്ലാതാക്കുന്നുവെന്ന ഫേസ്ബുക്ക് കുറിപ്പിന് ലൈക്ക് നല്‍കിയെന്നാണ് ആരോപണം.

നയിബ് ഇഎം എന്ന ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ നിന്നുള്ള കുറിപ്പിനാണ് ലൈക്കടിച്ചത്. പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലൻസ്‌ അന്വേഷണത്തിന്റെ വാര്‍ത്തകള്‍ ചില പത്രങ്ങളെ സ്വാധീനിച്ചുകൊണ്ട്‌ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നതാണ് ഉയര്‍ന്ന ആരോപണം. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്ന പോസ്റ്റില്‍ നോര്‍ത്ത്‌ പറവൂര്‍ എസ്‌എച്ച്‌ഒ ഷോജോ വര്‍ഗീസ്‌ ലൈക്ക്‌ ചെയ്തിട്ടുണ്ട്‌. വസ്തുതാ വിരുദ്ധമായ ഈ പോസ്റ്റിനെ സാക്ഷ്യപ്പെടുത്തുന്ന നടപടിയാണ്‌ ഷോജോ വര്‍ഗീസ്‌ ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ പറയുന്നു.

കേരള പൊലീസ്‌ സര്‍ക്കുലര്‍ പ്രകാരം രാഷ്ട്രീയ ചായ്വുള്ള പോസ്റ്റുകള്‍ക്ക്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ ലൈക്ക്‌ ചെയ്യാൻ പാടില്ല. പ്രതിപക്ഷ നേതാവിനെതിരെയുള്ള വ്യാജ വാര്‍ത്ത സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ കേരളാ പൊലീസ് ഡിപ്പാര്‍ട്ടമെന്റല്‍ ഇൻക്വൈറീസ്, പണിഷ്മന്റ് ആൻഡ് അപ്പീല്‍ റൂള്‍സ് 1958 ചട്ടങ്ങള്‍ പ്രകാരം അന്വേഷണം നടത്തി തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം എന്നും പരാതിയില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം. വിജിലൻസ് അടക്കം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത്.


കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലൻസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോപണം കഴമ്ബുള്ളതാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞാല്‍ ഇദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. വിഡി സതീശനെതിരെ ചാലക്കുടി കാതിക്കൂടം ആക്ഷൻ കൗണ്‍സിലാണ് പരാതി നല്‍കിയത്.

Post a Comment

0 Comments