കൊച്ചി : പുരാവസ്തു തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലിനെതിരായ ക്രൈംബ്രാഞ്ച് കേസിൽ പ്രതി ചേർത്ത കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഹൈക്കോടതിയിലേക്ക്. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നിയമനടപടികളെ കുറിച്ച് സുധാകരൻ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. എഫ്.ഐ.ആറിന്റെ പകർപ്പ് സുധാകരൻ ആവശ്യപ്പെടും. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതിക്കാർ ആദ്യം നൽകിയ ഹരജിയിൽ സുധാകരന്റെ പേര് ഉണ്ടായിരുന്നില്ല. ഉന്നത ഗൂഢാലോചനയുടെ ഫലമായാണ് സുധാകരനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് എന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ മോൻസന്റെ തട്ടിപ്പിന് ഇരയായ യാക്കൂബ് പുറായിൽ, സിദ്ദീഖ് പുറായിൽ, അനുപ് വി അഹമ്മദ്, സലീം എടത്തിൽ, എം.ടി ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോൾ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്.
കേസിൽ രണ്ടാം പ്രതിയായ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ഈ മാസം 14 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കളമശ്ശേരി ഓഫീസിലാണ് ഹാജരാകേണ്ടത്. സിആർപിസി 41 എ പ്രകാരമാണ് നോട്ടീസ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ഈ വകുപ്പിൽ നോട്ടീസ് നൽകുന്നത്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
മോൻസൺ മാവുങ്കൽ പുരാവസ്തു ഇടപാടിന്റെ പേരിൽ 10 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2018 നവംബർ 22ന് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് സുധാകരന്റെ സാന്നിധ്യത്തിലാണെന്നാണ് പരാതിയിലുള്ളത്. ഡൽഹിയിലെ സ്വാധീനം ഉപയോഗിച്ച് ഫെമ നിയമങ്ങൾ കാരണം തടഞ്ഞുവെച്ചിട്ടുള്ള പണം വീണ്ടെടുക്കുന്നതിനുള്ള തടസങ്ങൾ നീക്കാൻ സുധാകരൻ സഹായിച്ചതായാണ് മോൻസൺ മാവുങ്കൽ പരാതിക്കാതെ ധരിപ്പിച്ചിരുന്നത്.
ഒരു വർഷത്തിലേറെ നീണ്ട ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ കൂടി പ്രതിയാക്കിയുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. മോൻസൺ കേസിലെ പരാതിക്കാർ മുഖ്യമന്ത്രിക്കടക്കം നൽകിയ പരാതിയിൽ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോൻസന്റെ വീട്ടിൽ കെ. സുധാകരൻ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് കെ സുധാകരനെ ഒഴിവാക്കുന്നതിനായി സഹായിയുടെ ഇടപെടലുണ്ടായിരുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. കേസിലെ പരാതിക്കാരെയും മോൻസനെതിരായ പോക്‌സോകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും സ്വാധീനിക്കാൻ സുധാകരന്റെ സഹായി എബിൻ ഏബ്രഹാം ശ്രമിക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖയും പുറത്തുവന്നിരുന്നു.
കോസ്‌മെറ്റോളജിസ്റ്റ് എന്ന നിലയിൽ സൗന്ദര്യവർധക ചികിത്സക്കാണ് മോൻസന്റെ വീട്ടിൽ പോയതെന്നാണ് സുധാകരൻ പ്രതികരിച്ചിരുന്നത്. മോൻസന്റെ വീടിനോടു ചേർന്ന ചികിത്സാ കേന്ദ്രത്തിൽ ലൈംഗിക പീഢനമടക്കം നടന്നിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോക്‌സോ ഉൾപ്പെടെയുള്ള ഉപകേസുകളും നിലവിലുണ്ട്. . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ 2 പീഡനക്കേസുകളാണ് മോൻസൻ മാവുങ്കലിന്റെ പേരിലുള്ളത്. ഉന്നത വിദ്യാഭ്യാസത്തിനു സഹായം നൽകാമെന്ന് പറഞ്ഞ് ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്നും വിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസുകൾ. ഈ കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
.jpg)
0 Comments