banner

ഉത്തരേന്ത്യയിൽ ഇന്നും അതിശക്തമായ മഴ... എൻ.ഡി.ആർ.എഫിന്റെ 39 ടീമുകളെ 4 സംസ്ഥാനങ്ങളിലായി വിന്യസിച്ചു

 ഉത്തരേന്ത്യയിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വരെ അതിശക്തമായ മഴ തുടരുമെന്നും അതിന് ശേഷം മഴയുടെ ശക്തി കുറയുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. എൻ.ഡി.ആർ.എഫിന്റെ 39 ടീമുകളെ നാല് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

14 ടീമുകളെ പഞ്ചാബിലും 12 ടീമുകളെ ഹിമാചൽ പ്രദേശിലും എട്ട് സംഘങ്ങളെ ഉത്തരാഖണ്ഡിലും അഞ്ച് ടീമുകളെ ഹരിയാനയിലുമായാണ് വിന്യസിച്ചിരിക്കുന്നത്. മഴക്കെടുതി രൂക്ഷമായ ഹിമാചൽപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എൻ.ഡി.ആർ.എഫ് രക്ഷാപ്രവർത്തനം തുടരുകയാണ് . ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, ഉത്തരകാശി, ഹരിദ്വാർ, തെഹ് രി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഋഷികേശ്, ബദ് രി നാഥ്, രുദ്രപ്രയാഗ്, ഗൌരീകുണ്ഡ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഗംഗോത്രി - യമുനോത്രി ദേശീയപാതകളിലും രാത്രി യാത്ര നിരോധിച്ചു.

ഇന്നും നാളെയും തീരദേശ ആന്ധ്രാപ്രദേശിലും പശ്ചിമ മധ്യപ്രദേശിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് . യമുന നദിയിലെ ജലനിരപ്പ് അപകട സൂചിക മറികടന്നു. ജലനിരപ്പ് 206. 24 മീറ്റര്‍ മറികടന്നതോടെ ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിലൂടെയുളള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. വടക്കൻ റെയിൽവേ ഇതുവഴിയുളള സർവ്വീസുകൾ നിർത്തിവച്ചതായി അറിയിച്ചു.

Post a Comment

0 Comments