banner

അബ്ദുല്‍ നാസർ മഅദനി നാളെ കേരളത്തിലെത്തും abdul-nasar-madani-to-kerala-tomorrow

 പിഡിപി ചെയർമാൻ അബ്ദുല്‍ നാസർ മഅദനി നാളെ കേരളത്തിലെത്തും. നാളെ രാവിലെ 9 മണിക്ക് ബെംഗളുരുവിൽ നിന്ന് വിമാന മാർഗ്ഗം തിരുവനന്തപുരത്തേക്ക് തിരിക്കാനാണ് മഅദനിയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ അൻവാര്‍ശേരിയിലെത്തുന്ന മഅദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനൊപ്പം സമയം ചിലവഴിക്കുക എന്നതിനാണ് പ്രാധാന്യമെന്ന് കുടുംബം വ്യക്തമാക്കി. ചികിത്സക്കായി പിന്നീട് കൊച്ചിയിലേക്ക് തിരിക്കുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് ബെംഗളൂരുവിലെ വിചാരണ കോടതിക്ക് കൈമാറുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.

2008 ലെ ബാംഗ്ളൂർ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട അബ്ദുൽ നാസ്സർ മഅദനിയെ 2010ലാണ് കർണാടക പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സേന കേരളത്തിൽ നിന്ന് അറസ്റ്റു ചെയ്യുന്നത്. കേസിലെ ഒന്നാം പ്രതിയും ലഷ്കർ – ഇ- ത്വയിബ കമാൻഡറുമായ തടിയന്റവിട നസീറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മഅദനിയുടെ അറസ്റ്റ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ അടയ്ക്കപ്പെട്ട മഅദനി, വിചാരണ വൈകുന്നതും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2014ൽ ഉപാധികളോടെ ജാമ്യത്തിലിറങ്ങി. വിചാരണ കോടതിയുള്ള ബെംഗളൂരു നഗരം വിട്ടു പോകരുതെന്ന കർശന ഉപാധി വച്ചായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

എന്നാൽ 2014ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് ഇപ്പോൾ സുപ്രീം കോടതി ഇളവ് നല്‍കിയത്. ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റി്സ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാൻ അനുവാദം നൽകിയത്. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ചികിത്സ ആവശ്യത്തിന് കൊല്ലം ജില്ല വിടാനും അനുവാദമുണ്ട്. എറണാകുളത്തെ ചികിത്സ കണക്കിലെടുത്താണ് കോടതിയുടെ ഈ തീരുമാനം.

Post a Comment

0 Comments