കോട്ടയം : പാമ്പാടിയിൽ പ്രസവത്തെ തുടർന്ന് വൃക്കകൾ തകരാറിലായ യുവതി മരിച്ച സംഭവത്തിൽ ജില്ലാ ആശുപത്രിക്കെതിരെ കുടുംബം. മാന്തുരുത്തി സ്വദേശി ആതിര(30) ആണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം ആരോപിച്ചു. ഒരു രോഗവും ഇല്ലാതിരുന്ന മകളെ രോഗിയാക്കിയത് കോട്ടയം ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നുണ്ടായ അണുബാധയാണെന്നും കുടുംബം ആരോപിച്ചു. അതേസമയം ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.
ജനുവരി 11നാണ് കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് ആതിര വിധേയയായത്. പിന്നാലെ അണുബാധയുണ്ടായി. തുടർന്ന് ഇരുവൃക്കകളുടേയും പ്രവർത്തനം നിലക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് യുവതി മരിക്കുന്നത്.
യുവതിക്ക് അണുബാധയുണ്ടായതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് അണുബാധയുണ്ടായതെന്ന് അറിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്നും ആശുപത്രി അധികൃതർ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡയാലിസിസ് സഹായത്തിലാണ് യുവതി ജീവിച്ചിരുന്നത്. ആതിരയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
.jpg)
0 Comments