banner

സർക്കാർ ശമ്പളം വാങ്ങി ഭാര്യയുടെ കാന്റീനിൽ മീൻ വെട്ടിയ ജീവനക്കാരന് പിടി വീണു!, എസ് എൽ ആർ വിഭാഗം ജീവനക്കാരനായ വിനോദിനെ സ്ഥലം മാറ്റി, നടപടി വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ സർവീസ് ചട്ടലംഘനത്തെ തുടർന്ന്


സ്വന്തം ലേഖകൻ
കൊച്ചി : സർക്കാർ ശമ്പളം വാങ്ങി ഭാര്യയുടെ കാന്റീനിൽ മീൻ വെട്ടിയ ജീവനക്കാരനെ സ്ഥലം മാറ്റി. ഭാര്യയുടെ പേരില്‍ എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ കാന്റീൻ നടത്തിവന്ന സീസണല്‍ ലേബര്‍ റോള്‍( എസ്‌എല്‍ആര്‍) വിഭാഗം ജീവനക്കാരനായ കെ എസ് വിനോദിനെയാണ് സർവീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് തിരൂരിലേക്ക് സ്ഥലം മാറ്റിയത്. 

റസ്റ്റ് ഹൗസില്‍ ഇയാൾ ഭാര്യയുടെ പേരിൽ ടെൻഡർ നേടിയ ശേഷം കാൻ്റീൻ നടത്തിവരികയായിരുന്നു. പിഡബ്ല്യുഡി വിജിലൻസിന്റെ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് ഇയാൾക്കെതിരെ വകുപ്പ് നടപടി സ്വീകരിച്ചത്. വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ് പ്യൂൺ പോസ്റ്റിന് താഴെയുള്ള എസ്‌എല്‍ആര്‍ ജീവനക്കാരന് സർവീസ് ചട്ടം ലഭിച്ചതിന് നടപടി നേരിടേണ്ടി വന്നതെന്ന് ഈ മേഖലയിലെ ഉന്നതർ അഭിപ്രായപ്പെടുന്നു. പിഡബ്ല്യുഡി ഭരണവിഭാഗം ചീഫ് എഞ്ചിനീയര്‍ ബീന എല്‍-ൻ്റെ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ തിരൂര്‍ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലേക്കാണ് വിനോദിന് സ്ഥലം മാറ്റിയത്.

കഴിഞ്ഞ ഏഴുമാസം മുൻപാണ് തട്ടിപ്പ് തുടങ്ങിയത് ഭാര്യയുടെ പേരിൽ നടത്തിപ്പിന് ടെൻഡർ നേടിയെടുത്ത ശേഷം സർക്കാർ ജീവനക്കാരനായ വിനോദ് ഇവിടെ പണിയെടുക്കുകയായിരുന്നു.  കഴിഞ്ഞ 9 വര്‍ഷക്കാലമായി തുടര്‍ച്ചയായി എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ എസ്‌എല്‍ആര്‍ ജീവനക്കാരനാണ് വിനോദ്. അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ ഇയാൾ എറണാകുളം റസ്റ്റ് ഹൗസിൽ പണിയെടുത്തിരുന്നില്ല. എസ്‌എല്‍ആര്‍ ജീവനക്കാരനെന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നു ശമ്പളം വാങ്ങുകയും എന്നാൽ ഒരു ജോലിയും ചെയ്യാതെ ഭാര്യയുടെ കാന്റീൻ നടത്തുകയുമായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 16ന് പിഡബ്ല്യുഡി മന്ത്രി  പി.എ മുഹമ്മദ് റിയാസിനെ പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കല്‍ നേരില്‍ കണ്ട് ഈ സംഭവത്തെക്കുറിച്ച് പരാതി നൽകിയിരുന്നു. തുടർന്നാണ് പിഡബ്ല്യുഡി ഭാഗം വിജിലൻസ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എത്തിയ വിജിലൻസ് വിഭാഗം കണ്ടത് ജീവനക്കാരനായ വിനോദ് കാൻറീനിലെ അടുക്കളയില്‍ ഇരുന്ന് മീൻ വെട്ടിക്കൊണ്ടിരിക്കുന്നതാണ്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്‌സ് ഭരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറും വിജിലൻസ് വിഭാഗം തലവനുമായ എം അൻസാറിനോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി ഉത്തരവിട്ടിരുന്നു.

Post a Comment

0 Comments