banner

കുരീപ്പുഴയിലെ ഈ റോഡിനെന്ത് പരിഹാരം!, നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ചെറുമഴയിൽ പോലും വെള്ളക്കെട്ട്, മേയർ വന്ന് കണ്ടു പോയിട്ടും നടപടിയില്ല, ദുർഗതിക്ക് പരിഹാരം അകലെയോ

സ്വന്തം ലേഖകൻ

കുരീപ്പുഴ : കുരീപ്പുഴ മേലേ മങ്ങാട് ഭാഗത്തു നിന്നും ബൈപ്പാസിലേക്കുള്ള റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ചെറുമഴയിൽ പോലും വെള്ളക്കെട്ടാകുന്നത് നാട്ടുകാർക്ക് ദുരിതക്കെണിയാകുന്നു. ദിനേന എന്നോണം നൂറിലധികം ആളുകൾ വാഹനത്തിനും കാൽനടയുമായി ആശ്രയിക്കുന്ന റോഡാണ് ചെറുമഴയിൽ പോലും വെള്ളക്കെട്ടായി ജനങ്ങൾക്ക് ദുരിതയാത്ര സമ്മാനിക്കുന്നത്. യുപിഎസ് നഗർ റസിഡൻസ് അസോസിയേഷന്റെ പേരിൽ കോർപ്പറേഷനിൽ സംഭവത്തിൽ നേരത്തെ പരാതി സമർപ്പിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് സ്ഥലം സന്ദർശിച്ചെങ്കിലും നാളിതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു.

റോഡ് തുടങ്ങുന്ന ഭാഗവും അവസാനിയ്ക്കുന്ന ഭാഗവും ഉയർന്നു നിൽക്കുകയാണ്. ഇതിനാൽ വെള്ളം ഒഴുകി പോകാൻ കഴിയാതെ റോഡിൽ തന്നെ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. റോഡിന് ഒരു വശത്തുകൂടി ഓട നൽകിക്കൊണ്ട് പഴയ റോഡിന്റെ സമീപത്തുള്ള ഓടയിൽ ബന്ധിപ്പിക്കാമെങ്കിലും അധികൃതർ അത് ചെയ്തില്ല. നിർമ്മാണ സമയത്ത് പലപ്പോഴായി ഈ അപാകതകൾ പ്രദേശവാസികൾ ചൂണ്ടിക്കാണിച്ചെങ്കിലും യാതൊരുവിധമായ നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിൻറെ ദുരവസ്ഥയ്ക്ക് കാരണം റോഡിൻറെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ വീണ്ടും അധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

Post a Comment

0 Comments