banner

നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഗവര്‍ണര്‍!, നിയമസഭയിൽ ഇന്ന് നടന്നതും പ്രതിപക്ഷ പ്രതികരണങ്ങളും ഇങ്ങനെ


സ്വന്തം ലേഖകൻ
നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു. 

ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിക്കാന്‍ ഗവര്‍ണര്‍ വിനിയോഗിച്ചത്. മുഖ്യമന്ത്രി പൂച്ചണ്ട് നല്‍കി സ്വീകരിച്ച വേളയില്‍പ്പോലും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖത്ത് നോക്കിയില്ലെന്നതും ശ്രദ്ധേയമാണ്. സഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പോലും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇരുവരുടേയും ശരീരഭാഷയില്‍ പ്രകടമായിരുന്നു.

കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍, മണിപ്പൂര്‍ വിഷയത്തിലെ നിലപാട്, സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്റെ ജനങ്ങള്‍, എന്റെ സര്‍ക്കാര്‍ മുതലായ അഭിസംബോധനകളും ഗവര്‍ണര്‍ ഒഴിവാക്കി. മണിപ്പൂര്‍ വിഷയം മുന്‍നിര്‍ത്തി എന്റെ സര്‍ക്കാര്‍ എല്ലാവിധ വംശഹത്യകള്‍ക്കും മനുഷ്യരാശിയ്‌ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളേയും അപലപിക്കുന്നുവെന്നുള്ള ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി.


‘ഗവർണർ സഭയെ അവഹേളിച്ചു, പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ല’; പി കെ കുഞ്ഞാലിക്കുട്ടി


ഗവർണർ സഭയെ കൊഞ്ഞനം കുത്തിയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി പി കെ കുഞ്ഞാലികുട്ടി വിമർശിച്ചു. ഗവർണർ വരുന്നത് കണ്ടു പോകുന്നതും കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം നിയമസഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ വിഷയങ്ങൾ ഉണ്ട്. സർക്കാരിന്റെ കയ്യിൽ ഒന്നിനും കാശില്ല. നന്നായി പ്രവർത്തിക്കാനും പറ്റുന്നില്ല. സർക്കാർ നിശ്ചലമായി നിൽക്കുകയാണ്. അത് നിയമസഭയിൽ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിൽനിന്ന് ഫണ്ട് വാങ്ങി എടുക്കേണ്ട ആദ്യ ചുമതല സംസ്ഥാനത്തിന്റേതാണ്. അതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. ഉഭയകക്ഷി ചർച്ച ആരംഭിച്ചിട്ടുണ്ട്. യുഡിഎഫുമായി ആദ്യ റൗണ്ട് ചർച്ച കഴിഞ്ഞതിനുശേഷമേ പാർട്ടിയുടെ കാര്യങ്ങൾ പറയാൻ കഴിയൂ. അധിക സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എല്ലാം ആദ്യ റൗണ്ട് ചർച്ച കഴിഞ്ഞശേഷം ലീഗിൻറെ തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


‘ഇവര്‍ രണ്ടല്ല, ഒന്നാണ്’ നിയമസഭയില്‍ ബിജെപി- സിപിഐഎം നാടകം; കെ സുധാകരന്‍ എംപി


സിപിഐഎം- ബിജെപി കൂട്ടുകെട്ടിന്റെ ഏറ്റവും ഒടുവിലത്തെ നാടകമാണ് നിയമസഭയില്‍ കണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇവര്‍ രണ്ടല്ല, ഒന്നാണെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ്.

നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരേ നാമമാത്ര വിമര്‍ശനങ്ങള്‍ മാത്രമാണ് പിണറായി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അതുപോലും വായിക്കാതെ ഗവര്‍ണര്‍ ഒഴിഞ്ഞുമാറി. ഡല്‍ഹിയില്‍ പദ്ധതിയിട്ട കേന്ദ്രവിരുദ്ധ പ്രക്ഷോഭം പൊടുന്നനവെ പൊതുസമ്മേളനമാക്കി. ഇക്കാര്യം സിപിഐ പോലും അറിഞ്ഞിട്ടില്ല.

കേരളത്തിനുള്ള സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നടത്തുന്നുണ്ടെങ്കിലും പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ ഒരു നിവേദനം പോലും കൊടുത്തില്ല. പ്രധാനമന്ത്രിയുടെ മുന്നില്‍ മുഖ്യമന്ത്രി ഭയഭക്തി ബഹുമാനത്തോടെ നിന്ന് പ്രീതി പിടിച്ചുപറ്റുകയാണ് ചെയ്തത്. കേന്ദ്രത്തിനെതിരേ മുന്‍ ഇടതു സര്‍ക്കാരുകള്‍ ഗംഭീര സമരങ്ങള്‍ നടത്തിയ ചരിത്രമുണ്ടെങ്കിലും പിണറായിയുടെ 8 വര്‍ഷക്കാലം കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല.

കിഫ്ബി ഇടപാടില്‍ ധനമന്ത്രി ഡോ തോമസ് ഐസകിനെ ഇഡിയുടെ മുന്നിലേക്ക് ഇട്ടുകൊടുത്തെങ്കിലും ഐസക് അതു മുഖ്യമന്ത്രിയുടെ കോര്‍ട്ടിലേക്കു തട്ടി. മുഖ്യമന്ത്രി ചെയര്‍മാനായ കിഫ്ബിയുടെ ബോര്‍ഡാണ് തീരുമാനമെടുത്തതെന്ന ഐസക്കിന്റെ വാദം ശരിയാണെങ്കില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഒരു നോട്ടീസുപോലും നല്കിയിട്ടില്ല. കേരളത്തെ വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിട്ട കിഫ്ബി ഇടപാട് സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് ഇടപാട് അന്വേഷിക്കാന്‍ ഇഡിയെയും സിബിഐയെയും നിയോഗിക്കുന്നതിനു പകരം ആര്‍ഒസിയുടെ റിപ്പോര്‍ട്ട് കേന്ദ്രകോര്‍പറേറ്റ് കാര്യമന്ത്രാലയത്തിനു വിട്ട് കേന്ദ്രം പിണറായിയെ സംരക്ഷിച്ചു. പിണറായി പ്രതിയായ ലാവ്ലിന്‍ കേസില്‍ നീതിന്യായവ്യവസ്ഥയെ പ്രഹസനമാക്കുന്ന ഒളിച്ചുകളിയാണ് നടക്കുന്നത്. ബന്ധപ്പെട്ട സിബിഐ അഭിഭാഷകര്‍ അന്നേ ദിവസം സുപ്രീംകോടതിയില്‍ എത്തുന്നില്ലെന്ന് കേന്ദ്രം ഉറപ്പാക്കുന്നു.

തുടര്‍ന്ന് നിസഹായമാകുന്ന സുപ്രീംകോടതി കേസ് തുടര്‍ച്ചെ മാറ്റിവയ്ക്കുകയാണ്. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റിവയ്ക്കപ്പെട്ട കേസ് എന്ന കുപ്രസിദ്ധി ഒരുപക്ഷേ ലാവ്ലിന്‍ കേസിനായിരിക്കും. കരുവന്നൂര്‍,അയ്യന്തോള്‍, കണ്ടല ഉള്‍പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന സഹകരണ ബാങ്ക് കൊള്ളയില്‍ ഉന്നതര്‍ക്കു പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നുണ്ടെങ്കിലും അന്വേഷണം അവിടേക്ക് എത്തുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.


‘ഉള്ളടക്കത്തിനു നിലവാരമില്ലാത്തതിനാലാണ് ഗവർണർ അത് വായിക്കാതിരുന്നത്’; സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ലെന്ന് വി മുരളീധരൻ


നയപ്രഖ്യാപനത്തിൻ്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവർണർ അത് വായിക്കാത്തതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗവർണർ മുഴുവൻ വായിച്ചില്ലെന്ന വിമർശനമാണ് ഭരണപക്ഷം നടത്തുന്നത്. സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ലെന്നും മുരളീധരൻ പ്രതികരിച്ചു. 

കള്ളപ്രചരണങ്ങൾ നയപ്രഖ്യാപനത്തിന്റെ മറ പിടിച്ചുകൊണ്ട് സഭയിൽ രേഖപ്പെടുത്താൻ ശ്രമിച്ചു. നയപ്രഖ്യാപനത്തിൻ്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവർണർ വായിക്കാത്തത്. ഗവർണർ ഉചിതമായ രീതിയിൽ പ്രതികരിച്ചു. ലോക കേരളാ സഭയുടെ പേരിൽ നടക്കുന്ന ധൂർത്തിന് ഒരു കുറവുമില്ല. കള്ളപ്രചാരണം നടത്താനുള്ള വേദിയാക്കി സഭയെ മാറ്റി.

രാജ്ഭവനെ അപമാനിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. ഗവർണറെ കുറ്റപ്പെടുത്താൻ കഴിയില്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഗവർണറുടേത്. ഗവർണർക്കെതിരായ പരാതി എൽ.ഡി.എഫ് നിങ്ങളോട് പറയുന്നില്ല എന്നേയുള്ളൂ. വരികൾക്കിടയിലൂടെ അത് വായിക്കുന്നവർക്ക് മനസ്സിലാകും. രാഷ്ട്രീയ പ്രചാരണം നടത്താനുള്ള വേദിയാക്കാൻ സർക്കാർ ശ്രമിച്ചു. സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ല.

ഇടതുമുന്നണിയുടെ ഡൽഹി സമരത്തെ മുരളീധരൻ പരിഹസിച്ചു. തള്ള് സർക്കാർ നടത്തുന്ന തള്ള് നാടകമാണ് സർക്കാരിൻ്റേത്. പിണറായി വിജയൻ സർക്കാർ എന്നത് തള്ള് സർക്കാർ ആണ് ഇനിമുതൽ. ഡൽഹിയിൽ നല്ല തണുപ്പാണ്. നവകേരളയാത്രക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക് ചിൽ ചെയ്യാനാണ് പോകുന്നത്. കേരള ഹൗസിൽ നിന്ന് ജന്ദർമന്തറിലേയ്ക്ക് നടന്ന് പോകാനേ അല്ലെങ്കിലും കഴിയൂ. ഇ.പി.ജയരാജൻ പല വിഡ്ഢിത്തരവും പറയും. സമരമല്ല സമ്മേളനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടർന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവർണർ സൂചിപ്പിച്ചു. കേന്ദ്രസർക്കാരിനെതിരെയുള്ള രൂക്ഷ വിമർശങ്ങൾ ഉൾക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവർണർ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.

Post a Comment

0 Comments