സ്വന്തം ലേഖകൻ
ന്യൂഡൽഹി : മാൽദ്വീപിലെ ഇന്ത്യൻ സൈനികരെ മാര്‍ച്ച് 15നകം പിൻവലിക്കണമെന്ന പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നിര്‍ദ്ദേശത്തിന് മറുപടിയുമായി ഇന്ത്യ. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാര മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുമെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു. മാലദ്വീപിലെ ജനങ്ങള്‍ക്ക് ജീവകാരുണ്യ, മെഡിക്കല്‍ സേവനങ്ങള്‍ എത്തിക്കാനുള്ള ഇന്ത്യയുടെ വ്യോമ സര്‍വീസുകള്‍ തുടരാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ചൈനീസ് അനുഭാവിയായ മുയിസു നവംബറില്‍ ചുമതലയേറ്റതിന് പിന്നാലെ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് സമയപരിധി പ്രഖ്യാപിച്ചത്. ഇന്ത്യൻ സൈനികരെ പുറത്താക്കുമെന്നത് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. നിലവില്‍ 70 ഇന്ത്യൻ സൈനികരും ഒരു ഡോര്‍ണിയര്‍ പട്രോളിംഗ് വിമാനവും രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളും മാലദ്വീപിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്ന് മാലദ്വീപ് മന്ത്രിമാര്‍ അധിക്ഷേപിച്ചതിന്റെ രോഷം പുകയുന്നതിനിടെ കഴിഞ്ഞയാഴ്ച മുയിസു ചൈനയിലെത്തി പ്രസിഡന്റ് ഷീ ജിൻ പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ സമയപരിധി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.
തങ്ങള്‍ ചെറുതാണെങ്കിലും ഭീഷണിപ്പെടുത്താനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഇന്ത്യയുടെ പേരെടുത്ത് പറയാതെ മുയിസു വിമര്‍ശിച്ചിരുന്നു. മോദിയേയും ലക്ഷദ്വീപിനെയും ഉന്നമിട്ടുള്ള മന്ത്രിമാരുടെ വിവാദ പ്രസ്താവനകള്‍ക്ക് പിന്നാലെ ഇന്ത്യക്കാര്‍ കൂട്ടത്തോടെ മാലദ്വീപിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയിരുന്നു. വിവാദത്തെ തുടര്‍ന്ന് മൂന്ന് മന്ത്രിമാരെയും സസ്പെൻഡ് ചെയ്യാൻ മാലദ്വീപ് ഭരണകൂടം നിര്‍ബന്ധിതമായിരുന്നു.
%20-%20Copy%20-%202024-01-15T091151.694.jpg)
0 Comments