banner

കെ.എസ്.എഫ്.ഇ. വായ്പത്തട്ടിപ്പ്!, 10 കേസുകളില്‍കൂടി പോലീസ് കുറ്റപത്രം സമർപ്പിച്ചു, പ്രതികള്‍ തട്ടിയത് 1.94 കോടിയെന്ന് പോലീസ്


സ്വന്തം ലേഖകൻ
താമരശ്ശേരി : വ്യാജരേഖയുണ്ടാക്കി ഈങ്ങാപ്പുഴ കെ.എസ്.എഫ്.ഇ. ശാഖയില്‍നിന്ന് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട 10 കേസുകളില്‍കൂടി അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.

കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച അന്വേഷണസംഘം പത്ത് കേസുകളിലും 1200-ഓളം പേജുകളുള്ള കുറ്റപത്രങ്ങളാണ് കോടതിയില്‍ വെവ്വേറെ സമര്‍പ്പിച്ചത്.

വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റര്‍ചെയ്ത രണ്ട് കേസുകളില്‍ 2022-ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

വ്യാജ ആധാരമുണ്ടാക്കിയ ഹാര്‍ഡ്ഡിസ്‌കും, ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഉള്‍പ്പെടെയുള്ള അറുപതോളം രേഖകളാണ് കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കിയത്.

എല്ലാ കേസുകളിലുമായി ഇരുപത് പേരാണ് പ്രതികള്‍. ഓരോ കേസിലും എഴുപതോളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയുംചെയ്തു. 

വ്യാജരേഖ ചമയ്ക്കുന്നതിനായി നിര്‍മിച്ച സീലുകള്‍ കാളികാവിലുള്ള പുഴയിലേക്കെറിഞ്ഞ് നശിപ്പിച്ചതായും സ്‌കാന്‍ചെയ്യുന്നതിന് ഉപയോഗിച്ച ലാപ്ടോപ്പും പ്രിന്ററും വ്യാജരേഖകളും മറ്റും കത്തിച്ച് നശിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പുകള്‍കൂടി പ്രധാന പ്രതികള്‍ക്കെതിരേ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

തുച്ഛമായ വിലയ്ക്ക് വാങ്ങിയ സ്ഥലങ്ങള്‍ വ്യാജമായി നിര്‍മിച്ച ലൊക്കേഷന്‍ സ്‌കെച്ച്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയരേഖകള്‍ ഉപയോഗിച്ചും, വ്യാജസീലുകള്‍ പതിച്ചും ഈടായി നല്‍കി കെ.എസ്.എഫ്.ഇ.യില്‍നിന്ന് വന്‍തുക വായ്പയെടുത്തെന്നായിരുന്നു കേസ്. നിര്‍ധനരായ വ്യക്തികള്‍ക്ക് ചെറിയതുകകള്‍ കമ്മിഷന്‍ നല്‍കിയായിരുന്നു തട്ടിപ്പ്.

ഈങ്ങാപ്പുഴ കെ.എസ്.എഫ്.ഇ. ശാഖയില്‍നിന്ന് 11 ചിട്ടിവായ്പയും, വ്യക്തിഗതവായ്പയായി 1.79 കോടിയും പ്രൈസ് മണിയായി 15 ലക്ഷംരൂപയും ഉള്‍പ്പെടെ 1.94 കോടി രൂപയാണ് പ്രതികള്‍ കൈവശപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികളിലൊരാളായ നിസാറുദ്ദീന്റെപേരില്‍ കോഴിക്കോട് നോര്‍ത്ത് ബീച്ചിനടുത്ത് വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലാണ് തട്ടിപ്പിന്റെ ഗൂഢാലോചന നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മലയോരമേഖലയില്‍ കുറഞ്ഞവിലയ്ക്ക് സ്ഥലങ്ങള്‍ പ്രതികളുടെപേരില്‍ വാങ്ങി, ചെറിയ പ്ലോട്ടുകളായിത്തിരിച്ച്, വ്യാജരേഖകള്‍ചമച്ച് അവ ഈടുവെച്ച് ഈങ്ങാപ്പുഴ കെ.എസ്.എഫ്.ഇ.യില്‍ ചിട്ടികള്‍ക്ക് ചേര്‍ന്ന് വായ്പയായും പ്രൈസ് മണിയായും വന്‍തുക കൈപ്പറ്റുകയായിരുന്നു.

Post a Comment

0 Comments