സ്വന്തം ലേഖകൻ
കൊല്ലം : അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് കുത്തേറ്റ നിലയിൽ കണ്ടെത്തിയ മൂന്നുപേരിൽ ഒരാൾ മരിച്ചു. ഇന്നലെ രാത്രിയോടെ കൊച്ചുകുരുവിക്കോണത്ത് പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ പിൻവശത്തെ സിമന്റ് ഗോഡൗണിലാണ് മൂന്നുപേരെ കുത്തേറ്റനിലയിൽ കണ്ടെത്തിയത്. ബിവറേജസിന്റെ ബിൽഡിങ് സെക്യൂരിറ്റി ജീവനക്കാരനായ ഭാസി ആണ് മരിച്ചത്. ഭാസിയുടെ മകൻ മനോജ്, ഇവർക്കൊപ്പം ഉണ്ടായിരുന്ന വിഷ്ണു എന്നിവരാണ് കുത്തേറ്റ മറ്റു രണ്ടുപേർ.
കഴിഞ്ഞദിവസം രാത്രി വൈകിയോടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കുകയാണ് ഭാസി രാവിലെയോടെ മരിച്ചത്.
നെട്ടയം സ്വദേശി ജയചന്ദ്രപ്പണിക്കരും ഭാസിയും തമ്മിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് വാക്കുതർക്കവും സംഘർഷവും ഉണ്ടായി. ഇതേപ്പറ്റി രാത്രി ഒൻപതുമണിയോടെ വിഷ്ണുവും മനോജും ജയചന്ദ്രപ്പണിക്കരെ ചോദ്യംചെയ്തു. ഇതാണ് രാത്രിയിൽ സംഘർഷം ഉണ്ടാകാൻ കാരണം. സംഭവത്തിൽ ജയചന്ദ്രപ്പണിക്കരെ അഞ്ചൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുൻവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന.
.jpg)
0 Comments