എ.തുളസീധരക്കുറുപ്പ്
കൊല്ലം : അഞ്ചലിൽ ബൈക്ക് യാത്രികനെ ഇടിച്ച ശേഷം കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ പോകാൻ ശ്രമിച്ചതായി പരാതി. ആയൂർ സ്വദേശി നിതിൻ്റെ ഇരുചക്രവാഹനത്തിലാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്. ശേഷം വാഹനവുമായി പോകാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഓടിക്കൂടിയ നാട്ടുകാർ ബസ് തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. ബൈക്കിൽ തട്ടിയതോടെ ചോദ്യം ചെയ്ത യുവാവിനെ അസഭ്യം പറഞ്ഞതായും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
എന്നാൽ എല്ലാ ആരോപണങ്ങളും ഡ്രൈവർ നിഷേധിച്ചു. പാലത്തിൽ വച്ച് അപകടം നടന്നത് കൊണ്ടാണ് അവിടെ നിർത്താൻ ആകാത്തത്. തുടർന്നാണ് വഴിവക്കിൽ ഒതുക്കേണ്ടി വന്നത് - അദ്ദേഹം പറഞ്ഞു. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്ത് എത്തിയ അഞ്ചൽ പോലീസ് ഇരുവരും രാവിലെ 10 മണിക്ക് സ്റ്റേഷനിൽ എത്താൻ അറിയിച്ചു. യാത്രക്കാർ ഉണ്ടായതിനാൽ ബസ് സർവീസ് നടത്താൻ അനുവദിച്ചു.
ആര്യങ്കാവ് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസാണ് അപകടമുണ്ടാക്കിയത്. ഇന്ന് രാവിലെ കൊട്ടാരക്കരയിലേക്കുള്ള സർവീസ് നടത്തുന്നതിനിടെ അഞ്ചൽ ചന്തമുക്കിന് സമീപം ആയൂർ റോഡിലാണ് സംഭവം. ജോലിക്കായി ആയൂരിൽ നിന്ന് അഞ്ചലിലേക്ക് എത്തിയ യുവാവിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. തന്നെ അസഭ്യം പറഞ്ഞതായും ചോദ്യം ചെയ്തതോടെ വാഹനത്തിന്റെ ഡോർ വലിച്ചു തുറന്നു തലയിൽ ഇടുപ്പിക്കാൻ ശ്രമിച്ചതായും യുവാവ് പറയുന്നു. സംഭവത്തിൽ അഞ്ചൽ പോലീസ് മുമ്പാകെ വിശദമായ പരാതി സമർപ്പിക്കുമെന്നും യുവാവ് വ്യക്തമാക്കി.
.jpg)
0 Comments