banner

കലികാലം!, കൊല്ലത്ത് പട്ടാപ്പകൽ ക്ഷേത്രവഞ്ചികൾ ബാഗിൽ ആക്കി കടന്നു, കവർച്ച നടത്തിയത് ബൈക്കിലെത്തിയ യുവാവും യുവതിയും


സ്വന്തം ലേഖകൻ
കൊല്ലം : ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ ക്ഷേത്രവഞ്ചികള്‍ മോഷ്ടിച്ചുകടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പൂവറ്റൂര്‍ പടിഞ്ഞാറ് മാവടി പുനരൂര്‍കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. മൂന്നു വഞ്ചികളാണ് കൊണ്ടുപോയത്.

കൊടിമരച്ചുവട്ടിലും രണ്ട് ഉപദേവാലയങ്ങള്‍ക്കു മുന്നിലും വെച്ചിരുന്ന കുടത്തിന്റെ ആകൃതിയിലുള്ള സ്റ്റീല്‍ വഞ്ചികളായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇവ മൈലംകുളം ക്ഷേത്രത്തിനു സമീപത്തെ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

മോഷണത്തിന്റെയും പണമെടുത്തശേഷം ഉപേക്ഷിക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുവാവ് സ്‌കൂട്ടര്‍ കൊടിമരത്തിനുസമീപം നിര്‍ത്തുന്നതും തൊഴുന്നതുപോലെ നിന്നശേഷം യുവതി വഞ്ചിയെടുത്ത് ബാഗില്‍ വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

രണ്ടെണ്ണം യുവതിയുടെ ബാഗിലും ഒരെണ്ണം യുവാവിന്റെ പക്കലുമായിരുന്നു. പാന്റ്സും ടീഷര്‍ട്ടുമിട്ട യുവതി മാസ്‌ക് ധരിച്ചിരുന്നു. ക്യാമറയില്‍ പെടാതിരിക്കാന്‍ കൈകൊണ്ട് മുഖം മറച്ചായിരുന്നു മോഷണം. രാവിലെ എടുത്ത് പുറത്തുവയ്ക്കുന്ന വഞ്ചി രാത്രിയിലേ തിരികെ സ്റ്റോര്‍ റൂമിലേക്ക് മാറ്റുകയുള്ളൂ. വൈകീട്ട് ക്ഷേത്രത്തിലെത്തിയ കഴകം വഞ്ചി കാണാനില്ലെന്ന് അറിയിച്ചതോടെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. 5000 രൂപയോളം വഞ്ചിയില്‍ ഉണ്ടാകാമെന്നാണ് ഭരണസമിതി പോലീസില്‍ നല്‍കിയ മൊഴി.

പത്തനംതിട്ട ജില്ലയില്‍ സമാനമായ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇവര്‍ തന്നെയാണോ അതോ ഇവരുടെ സംഘങ്ങളാണോ മോഷണത്തിനു പിന്നിലെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments