banner

പോലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ കറക്കം!, പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീർപ്പ് ചർച്ചയ്ക്കെത്തിയ എൻഐഎ കേസിലെ പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : എൻഐഎകേസിലെ പ്രതിയും കൂട്ടാളികളും തലസ്ഥാനത്ത് പിടിയിൽ. തമിഴ്നാട് സ്വദേശി സാദിഖ് പാഷയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുമാണ് വട്ടിയൂർ‌ക്കാവ് പോലീസിന്റെ പിടിയിലായത്. പോലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ തലസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് സംഘം പിടിയിലായത്.

വ്യാജരേഖ ചമച്ച കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിരവധി പ്രവർത്തനങ്ങളിൽ ഉൾപ്പെടുകയും ചെയ്തയാളാണ് സാ​ദിഖ് പാഷ എന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ തുടങ്ങിയ നിരോധിത ഭീകര സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വട്ടിയൂർക്കാവിലാണ് സാദിഖ് പാഷയുടെ ഭാര്യയുടെ വീട്. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീർപ്പ് ചർച്ചയ്‌ക്ക് എത്തിയതായിരുന്നു ഇയാൾ. ഒപ്പം പോകാൻ ഭാര്യയ്‌ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ വാക്കുതർക്കമായി. തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർ‌ന്നാണ് പോലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനം ശ്രദ്ധയിൽപ്പെട്ടത്.

നൂറുൽ ഹാലിക്, ഷാഹുൽ ഹമീദ്, നാസർ എന്നിവരാണ് പാഷയ്‌ക്കൊപ്പം റിമാൻഡിലായവർ. ഇവരും തമിഴ്നാട് സ്വദേശികളാണ്. ഇവർക്ക് ഭീകര പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments