banner

അഷ്ടമുടി മഞ്ചാടിമുക്കിലെ റോഡിൻ്റെ ശോചനീയാവസ്ഥ!, അർദ്ധരാത്രിയിൽ റോഡരികിൽ വനിതാ മെമ്പർക്കും ഭർത്താവിനുമെതിരെ ഫ്ലെക്സ് ബോർഡ്, നാട്ടുകാരല്ല ബോർഡ് വെച്ചതെന്നും രാഷ്ട്രീയം തലയ്ക്ക് പിടിച്ചവരാണ് അൽപ്പത്തരം കാണിക്കുന്നതെന്നും വാർഡ് മെമ്പർ ദിവ്യാ ഷിബു, ഫണ്ട് അനുവദിച്ചതായും റോഡ് പണി ഉടൻ ആരംഭിക്കുമെന്നും പ്രതികരണം


അഷ്ടമുടി : അഷ്ടമുടി മഞ്ചാടിമുക്ക് - കരുവ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പൊറുതിമുട്ടിയ ജനത്തിന്റെ ഏറെനാളായിട്ടുള്ള ആവശ്യമായിരുന്നു റോഡിന്റെ റീ ടാറിങ്. ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ് മഞ്ചാടിമുക്കിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ്. വാർഡിലെ വനിതാ മെമ്പർക്കും ഭർത്താവിനുമെതിരെയാണ് ഇന്ന് പുലർച്ചയോടെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. 'ഫണ്ട് അനുവദിച്ചിട്ടും റോഡ് പണിയാതെ ഈ കുണ്ടും കുഴിയും കാലങ്ങളോളം നിലനിർത്തിയ മെമ്പർക്കും ഭർത്താവിനും നടുവൊടിഞ്ഞ നാട്ടുകാരുടെ അഭിവാദ്യങ്ങൾ' എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. അതേസമയം, നാട്ടുകാരല്ല ബോർഡ് വെച്ചതെന്നും രാഷ്ട്രീയം തലയ്ക്ക് പിടിച്ചവരാണ് അൽപ്പത്തരം കാണിക്കുന്നതെന്നും വാർഡ് മെമ്പർ ദിവ്യാ ഷിബു പ്രതികരിച്ചു.

ഫണ്ട് അനുവദിച്ചതായും റോഡ് പണി ഉടൻ ആരംഭിക്കും എന്നുമുള്ളതാണ് യാഥാർത്ഥ്യം. ഇത് തിരിച്ചറിഞ്ഞ ചിലർ തലതിരിഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും തങ്ങൾ ഇടപെട്ടതുകൊണ്ടാണ് റോഡ് പണി ആരംഭിച്ചതെന്ന് വരുത്തി തീർക്കാനുള്ള കുബുദ്ധിയാണ് ഫ്ലക്സ് ബോർഡിന് പിന്നിലെന്നും വാർഡ് മെമ്പർ ആരോപിക്കുന്നു. കോൺഗ്രസ് മെമ്പറായ താൻ സ്ഥലം എംപിയ്ക്ക് ഉൾപ്പെടെ നിവേദനം നൽകിയാണ് വകുപ്പ് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചത്. ഭാഗ്യവശാൽ എംപിയും മന്ത്രിയോട് ഇക്കാര്യം ആവർത്തിച്ചു. ഇതോടെയാണ് ഫണ്ട് എത്തിക്കാൻ ആയത്. റീ ടാറിങ് ആയതിനാൽ നിരവധി പ്രശ്നങ്ങൾ ഉന്നയിച്ച് ടെണ്ടർ പൂർത്തിയാക്കാൻ കരാറുകാർ വിസമ്മതിച്ചു. ഈ പ്രതിസന്ധികളെ മറികടന്നാണ് ഇപ്പോൾ ഏറ്റെടുത്ത കരാറുകാരനെ റോഡിൻറെ ശോചനീയാവസ്ഥ പറഞ്ഞു മനസ്സിലാക്കി കരാർ എടുപ്പിച്ചത്. സാങ്കേതികമായ ചില കാരണങ്ങൾ നിലനിൽക്കുന്നതിനാൽ പണി തുടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് കരാറുകാരൻ വ്യക്തമാക്കുന്നത്. കരാർ അവസാനിക്കാൻ ഇനിയും സമയം ബാക്കിയുണ്ട്. ഇതിനുള്ളിൽ തന്നെ പണി പൂർത്തീകരിച്ചു നൽകാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ ഉള്ളതാണ്. അതുകൊണ്ട് നാട്ടുകാർ അല്ല ഈ ബോർഡിന് പിന്നിൽ എന്നും രാഷ്ട്രീയം തലയ്ക്ക് പിടിച്ചവരാണ് അൽപ്പത്തരം കാണിക്കുന്നതെന്നും ദിവ്യ ഷിബു ആവർത്തിച്ചു.

Post a Comment

0 Comments