സ്വന്തം ലേഖകൻ
കൊല്ലം : കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ ഇരയുടെ പിതാവ് ജീവനൊടുക്കിയ നിലയിൽ. ബുധനാഴ്ച പുലർച്ചയോടെ വീടിൻ്റെ അടുക്കളയില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയാണ് കണ്ടെത്തിയത്. പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഭർത്താവിൻ്റെ മരണവാർത്ത ഇവര്‍ മൂത്ത മകളുടെ ഭര്‍ത്താവിനെ മൊബൈലില്‍ വിളിച്ച് അറിയിച്ച ശേഷമാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ മാസം രണ്ടിനാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ കുണ്ടറ പോലീസിനെ സമീപിച്ചത്. മൈനര്‍ മിസ്സിങ്ങിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തുകയും. ബന്ധുക്കൾ നൽകിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണ പുരോഗമിക്കുന്ന ഘട്ടത്തിൽ കൊറ്റംകര ഗ്രാമപഞ്ചായത്ത് അംഗം മണിവർണ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊട്ടിയം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

0 Comments