banner

മിനി വാനിൽ ഇടിച്ച് ബൈക്കിന് നിയന്ത്രണം നഷ്ടമായി!, പിന്നാലെ എതിരെ വന്ന ബസ്സിലേക്ക് ഇടിച്ചുകയറി അപകടം, 17ഉം 18ഉം വയസ്സുകാരായ യുവാക്കൾക്ക് ദാരുണാന്ത്യം



സ്വന്തം ലേഖകൻ
തൃശൂർ : പറവട്ടാനിയിൽ മിനി വാനിൽ ഇടിച്ച് അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തു വച്ചായിരുന്നു അപകടം. വൈകുന്നേരം മൂന്നേകാലിനാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മണ്ണൂത്തി ഭാഗത്തു നിന്നും വന്ന സ്‌കൂൾ വാനിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബൈക്ക് ബസ്സിനടിയിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ്സിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. യുവാക്കളുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

തൃശൂർ - പീച്ചി ഡാം റൂട്ടിൽ സർവ്വീസ് നടത്തുന്ന അമ്മ ബസാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂൾ വിദ്യാർത്ഥികളെ കയറ്റി പോയിരുന്ന മിനി വാൻ ഇടറോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞതോടെ ഈ വാഹനത്തിൽ ബൈക്ക് തട്ടി. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments